മലയാറ്റൂര്‍: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുവിന്റെ ആരോപണം.
ചിത്രപ്രിയ പ്രതിയായ അലനുമൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യമെന്ന തരത്തില്‍ പോലീസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രപ്രിയ ഇല്ലെന്നാണ് ബന്ധു ശരത്ലാല് ആരോപിക്കുന്നത്. പോലീസ് പറയുന്ന കാര്യങ്ങള്‍ പലതരത്തിലുള്ള കളവുകളാണ്.മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദൃശ്യത്തിലുള്ളത് മറ്റാരോ ആണെന്നാണ് ശരത് ലാല്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.
അതേസമയം ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അറസ്റ്റിലായ അലനില്‍ ഒതുക്കിനിര്‍ത്തില്ലെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം. ഹേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന് മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി അലനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.
ചിത്രപ്രിയയുടെയും അലന്റെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.ബെംഗളൂരുവില്‍ പഠിക്കുന്ന ചിത്രപ്രിയയ്ക്ക് അവിടെ ഒരു ആണ്‍സുഹൃത്തുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പറയുന്നത്. എന്നാല്‍, ഇവര്‍ക്കിടയില്‍ ശത്രുതയ്ക്കിടയാക്കിയ മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയുടെ ബെംഗളൂരുവിലുള്ള ആണ്‍സുഹൃത്തില്‍നിന്ന് പോലീസ് വിവരം തേടും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.