കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്.
പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.ഇന്ന് 11.30-ഓടെയാണ് കേസിൽ വാദം തുടങ്ങിയത്. കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് ഇന്ന് നടന്നത്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നീ ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷം 3.30 ഓടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവർക്കെതിരേ കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
നടിയെ ആക്രമിച്ച കേസിലെ പ്രതികൾ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിട്ടയക്കപ്പെട്ടെങ്കിലും ഒൻപതാം പ്രതി സനിൽകുമാർ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും.
എന്താണ് പറയാനുള്ളതെന്നു ജഡ്ജി പ്രതികളോട് ചോദിച്ചപ്പോള്‍ ശിക്ഷാകാലയളവ് കുറക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തനിക്ക് അമ്മ മാത്രമേയുള്ളൂവെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. തന്റെ മാതാപിതാക്കള്‍ വാര്‍ധക്യലെത്തിയെന്നും താനാണ് കുടുംബം നോക്കുന്നതെന്നും രണ്ടാംപ്രതി മാര്‍ട്ടിന്‍ പറഞ്ഞു. കോടതിയില്‍ മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. തങ്ങള്‍ നിരപരാധിയാണെന്ന് മാര്‍ട്ടിനും മൂന്നാം പ്രതിയായ ബി മണികണ്ഠനും പറഞ്ഞു. തനിക്ക് ചെറിയ കുട്ടികളുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്നും ഇളവുകൾ നൽകരുതെന്നും പ്രാസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത്.മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി. ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി നടൻ ദിലീപ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.