ന്യൂഡൽഹി: പുതുതായി നിയമിതനായ ബിജെപി വർക്കിങ് പ്രസിഡൻ്റ് നിതിൻ നബിനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാർട്ടിയിലെ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതിന് മോദിയുടെ അഭിനന്ദനം. നബിൻ്റെ സംഘടനാപരവും ഭരണപരവുമായ പരിചയം പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രിയുടെ പ്രശംസ.എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന കുറിപ്പ്. "ബിജെപി ദേശിയ വർക്കിങ് പ്രസിഡൻ്റ് ശ്രീ നിതിൻ നബിൻ ജിയെ കണ്ടു. പുതിയ ഉത്തരവാദിത്തത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്‌തു.
ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സംഘടനാപരവും ഭരണപരവുമായ പരിചയം നമ്മുടെ പാർട്ടിക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' - പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിൽ നിതിൻ നബിൻ പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരുമായുള്ള ആദ്യ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിഎൽ സന്തോഷ് (ജനറൽ സെക്രട്ടറി, വിനോദ് തവ്‌ഡെ, സുനിൽ ബൻസാൽ, തരുൺ ചുഗ്, ദുഷ്യന്ത് ഗൗതം, അരുൺ സിങ്, രാധാ മോഹൻദാസ് അഗർവാൾ, ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.
അതേസമയം പാർട്ടിയുടെ നിലവിലുള്ള പരിപാടികൾ, സംഘടനാ തയാറെടുപ്പ്, ഭാവി തന്ത്രം എന്നിവ കന്നി യോഗത്തിൽ അവലോകനം ചെയ്‌തു. മുതിർന്ന നേതാക്കളും എല്ലാ ദേശിയ ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ഒരുക്കങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്‌തു.
1980 മെയ് 23ന് ജനിച്ച നിതിൻ നബിൻ പാർട്ടിയിലെ യുവ മുഖമാണ്. 45ാം വയസില്‍ തന്നെ അഞ്ച് തവണ എംഎല്‍എ ആയിട്ടുണ്ട്. അന്തരിച്ച മുതിർന്ന ബിജെപി നേതാവും നാല് തവണ എംഎൽഎയുമായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നിതിൻ. 2006ലാണ് സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അഖില ഭാരതിയ വിദ്യാർഥി പരിഷത്ത് (എബിവിപി) വഴിയാണ് നബിൻ വിദ്യാർഥി രാഷ്‌ട്രീയത്തിൽ തൻ്റെ കരിയർ ആരംഭിച്ചത്.
ബിജെപിയുടെ യുവജന വിഭാഗമായ ഭാരതിയ ജനത യുവ മോർച്ചയിൽ (ബിജെവൈഎം) സുപ്രധാന സംഘടനാ സ്ഥാനങ്ങൾ വഹിച്ചു. സിക്കിം, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻചാർജായും നബിൻ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വർക്കിങ് പ്രസിഡൻ്റുമാരിൽ ഒരാളാണ് അദ്ദേഹം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.