ന്യൂഡൽഹി: പ്രമുഖ ഐ.ടി. വ്യവസായി വേണു ഗോപാലകൃഷ്ണനെതിരെ മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സുപ്രീം കോടതി സംശയങ്ങൾ ഉന്നയിച്ചു. ഒന്നുകിൽ പരാതിക്കാരിയും വേണു ഗോപാലകൃഷ്ണനും തമ്മിൽ നടന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരിക്കാമെന്നും അല്ലെങ്കിൽ പരാതി കെട്ടിച്ചമച്ചതാകാമെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
പരാതി നൽകാൻ ഒരു വർഷത്തോളം കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. കേസ് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനായി കക്ഷികളോട് സുപ്രീം കോടതി മീഡിയേഷൻ സെന്ററിന് മുൻപാകെ ഹാജരാകാനും നിർദേശിച്ചു.
'ഹണി ട്രാപ്പ്' കേസ് പ്രതിയാണ് പരാതിയുമായി വന്നത്: പ്രതിഭാഗം
വേണു ഗോപാലകൃഷ്ണന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. എന്നാൽ, വേണു ഗോപാലകൃഷ്ണൻ നൽകിയ ഹണി ട്രാപ്പ് പരാതിയിൽ അറസ്റ്റിലായ യുവതിയാണ് പിന്നീട് ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗിയും രാകേന്ദ് ബസന്തും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദത്തെ തുടർന്നാണ്, പരാതി നൽകാൻ ഒരു വർഷത്തെ കാലതാമസം എന്തുകൊണ്ട് സംഭവിച്ചു എന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചത്. അഭിഭാഷകൻ തോമസ് ആനകലുങ്കലും വ്യവസായിക്ക് വേണ്ടി ഹാജരായി.
മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാൻ നിർദ്ദേശം
വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്, ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിച്ചുകൂടേയെന്ന് ആരാഞ്ഞത്.
തുടർന്ന്, സുപ്രീം കോടതി മീഡിയേഷൻ സെന്ററിന് മുൻപാകെ ജനുവരി ഏഴിന് നേരിട്ടോ വീഡിയോ കോൺഫറൻസിലൂടെയോ ഹാജരാകാൻ വേണു ഗോപാലകൃഷ്ണനോടും പരാതിക്കാരിയോടും കോടതി നിർദേശിച്ചു. മീഡിയേറ്ററുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വേണു ഗോപാലകൃഷ്ണന് അനുവദിച്ച ഇടക്കാല ജാമ്യം തുടരും.
പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകൻ എം.എഫ്. ഫിലിപ്പും, സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.