കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർഷിപ്പിനായി ഉപയോഗിച്ചത് മറ്റുള്ളവരുടെ പണമാണെന്ന നിർണായക വിവരങ്ങൾ പുറത്തുവരുന്നു.
കേസിലെ പ്രതിയായ സ്വർണവ്യാപാരി ഗോവർധൻ പോറ്റി വഴി കൈമാറിയ ഒന്നരക്കോടി രൂപയും, ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യാപാരികൾ നൽകിയ വലിയ തുകകളുമാണ് ഇയാൾ സ്വന്തം പേരിൽ സ്പോൺസർഷിപ്പിനായി നൽകിയത്. എന്നാൽ ഭക്തരും വ്യവസായികളും നൽകിയ ഈ പണം നേരിട്ട് വിനിയോഗിക്കുന്നതിന് പകരം, പോറ്റി അത് പലിശയ്ക്ക് നൽകി കോടികളുടെ വ്യക്തിഗത ലാഭം ഉണ്ടാക്കിയതായും പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്.അതേസമയം, ശബരിമലയിലെ തങ്കം പൊതിഞ്ഞ യഥാർത്ഥ സ്വർണ്ണപ്പാളികൾക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഈ പാളികൾ ഉരുക്കിയെന്ന പ്രതികളുടെ മൊഴി അന്വേഷണ സംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നു. ഗോവർധൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയ സ്വർണം ശബരിമലയിലേതല്ലെന്നും, അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നുമാണ് എസ്.ഐ.ടിയുടെ നിഗമനം.
തുടരന്വേഷണത്തിന്റെ ഭാഗമായി പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കസ്റ്റഡിയിൽ വാങ്ങാനാണ് എസ്.ഐ.ടിയുടെ നീക്കം. ഗോവർധന്റെ ജാമ്യഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ അറസ്റ്റിലേക്ക് നീങ്ങുകയുള്ളൂ. സ്വർണ്ണത്തിന്റെ യഥാർത്ഥ അളവും ഗുണനിലവാരവും നിർണ്ണയിക്കാൻ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ മെറ്റലർജിക്കൽ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കേസിലെ ഏറ്റവും നിർണ്ണായകമായ രേഖയായി മാറും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.