ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മൊബൈൽ ഉപഭോക്താക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. 140 കോടിയിലേറെ ജനസംഖ്യയുള്ള ഇവിടെ 100 കോടിയിലധികം ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. സാമ്പത്തികമായും സാമൂഹികമായുമൊക്കെ രാജ്യം മുന്നോട്ട് പോകുമ്പോൾ സാങ്കേതിക വിദ്യയിലെ കുറ്റകൃത്യങ്ങളും വർധിച്ചു. മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള ചെറിയ സൈബർ തട്ടിപ്പുകൾ മുതൽ കോടികളുടെ തട്ടിപ്പുകൾ വരെ ഇന്ന് വ്യാപകമാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിൽ അന്വേഷണ സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികളും ഈ പശ്ചാത്തലത്തിൽ വർധിച്ചു. ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മൊബൈൽ ഫോണുകളിൽ ചില നിയന്ത്രണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ ആപ്പാണ് 'സഞ്ചാർ സാഥി' (Sanchar Saathi).
നിലവിൽ വിപണിയിലുള്ളതും ഇനി വിപണിയിലേക്ക് എത്താൻ പോകുന്നതുമായ എല്ലാ സ്മാർട്ട്‌ഫോണുകളിലും ഈ ആപ്ലിക്കേഷൻ നിർബന്ധിതമായി ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ നിർമ്മിച്ചതോ വിദേശത്ത് നിർമ്മിച്ചതോ ആകട്ടെ, ഏത് ബ്രാൻഡിൽപ്പെട്ട ഫോണുകളാണെങ്കിലും ഈ ആപ്പോടുകൂടി മാത്രമേ ഇനി രാജ്യത്ത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഇതിനായി 90 ദിവസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. ഈ തീരുമാനം നിയമപരമായി കോടതിയിൽ ചോദ്യം ചെയ്യപ്പെടുമോ, മൊബൈൽ കമ്പനികൾ എങ്ങനെ പ്രതികരിക്കും എന്നതിലൊക്കെ വരും ദിവസങ്ങളിൽ വ്യക്തത കൈവരേണ്ടതുണ്ട്.
ഈ ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം തട്ടിപ്പ് കോളുകളും സന്ദേശങ്ങളും തടയുക എന്നതാണ്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന നമ്പറുകൾ ടെലികോം വകുപ്പിന് വളരെ വേഗത്തിൽ തിരിച്ചറിയാൻ 'സഞ്ചാർ സാഥി' വഴി സാധിക്കും. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിരമായി ആ നമ്പറുകളെയും ഫോണുകളെയും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഇതിലൂടെ ഉണ്ടാകും. ഇത് വഴി ഡിജിറ്റൽ അറസ്റ്റ് ഭീഷണി, പണം നൽകാമെന്ന് പറഞ്ഞ് വരുന്ന തട്ടിപ്പ് മെസ്സേജുകൾ, രഹസ്യ വിവരങ്ങൾ ചോർത്തുന്ന ലിങ്കുകൾ എന്നിവയെല്ലാം ഫലപ്രദമായി തടയാൻ കഴിയും.
കൂടാതെ, മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ ഉണ്ടാകുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഈ ആപ്പ് പ്രയോജനകരമാണ്. ഫോൺ നഷ്ടപ്പെട്ട ഉടമ പ്രത്യേക അപേക്ഷ നൽകിയാൽ, ഫോണിന്റെ ഐ.എം.ഇ.ഐ. (IMEI) നമ്പർ ഉപയോഗിച്ച് അതിനെ സാങ്കേതികമായി ബ്ലോക്ക് ചെയ്യാനും ഉപയോഗശൂന്യമാക്കാനും സാധിക്കും. ഇതോടെ മോഷ്ടാവിന് ഫോൺ ഉപയോഗിക്കാൻ കഴിയില്ല. ഫോൺ തിരികെ ലഭിക്കുകയാണെങ്കിൽ ഉടമയുടെ അപേക്ഷ പ്രകാരം ബ്ലോക്ക് മാറ്റാനും സാധിക്കും.
മറ്റൊരു പ്രധാന നേട്ടം, വ്യാജ കണക്ഷനുകൾ കണ്ടെത്താൻ സാധിക്കും എന്നതാണ്. ഒരാളുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഒന്നിലധികം കണക്ഷനുകൾ എടുത്ത് തട്ടിപ്പ് നടത്തുന്ന സാഹചര്യങ്ങൾ വ്യാപകമാണ്. ഈ ആപ്പ് വഴി, ഒരു വ്യക്തിയുടെ ഐഡി ഉപയോഗിച്ച് നിലവിൽ എത്ര കണക്ഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി അറിയാനും, ഉടമ അറിയാതെയുള്ള കണക്ഷനുകൾ ബ്ലോക്ക് ചെയ്യാനും കഴിയും. സെക്കൻഡ് ഹാൻഡ് ഫോണുകളുടെ കാര്യത്തിലും ഈ സംവിധാനം ഉപകാരപ്രദമാകും. മുൻപ് ആ ഫോൺ ഉപയോഗിച്ചിരുന്നയാൾ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഐ.എം.ഇ.ഐ. പരിശോധനയിലൂടെ സാധിക്കും. രാജ്യാന്തര കോളുകളിൽ തട്ടിപ്പ് നടത്തുന്ന വിദേശികൾ ഇന്ത്യൻ നമ്പറുകളുടെ മറവിൽ വിളിച്ചാൽ അത് റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഈ ആപ്പിൽ സൗകര്യമുണ്ട്.
ഈ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് നിരവധി ഗുണകരമായ കാര്യങ്ങൾ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകളോ, ഉപയോക്താക്കളുടെ സ്വകാര്യതയെ (Privacy) ഇത് ബാധിക്കുമോ എന്നുള്ളതുൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരാനുണ്ട്. എങ്കിലും, 90 ദിവസത്തിനകം ഈ ആപ്പ് നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശവുമായി ഭരണകൂടം മുന്നോട്ട് പോകുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.