കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരുന്ന നടിയെ ആക്രമിച്ച കേസിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇന്ന് അന്തിമവിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിക്കുക. രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിക്കും.
സംഭവം: രാഷ്ട്രത്തെ നടുക്കിയ ക്വട്ടേഷൻ ആക്രമണം
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ് ആവശ്യത്തിനായി തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ എറണാകുളം അത്താണിയിൽവെച്ച് പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പ്രധാനപ്രതികൾ അടക്കമുള്ളവർ അതിവേഗം പോലീസിന്റെ പിടിയിലായെങ്കിലും, കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലാണ് പ്രമുഖ നടൻ ദിലീപ് 2017 ജൂലൈയിൽ അറസ്റ്റിലാകുന്നത്.
പ്രതിപ്പട്ടികയും കുറ്റങ്ങളും
ഒന്നാം പ്രതി എൻ.എസ്. സുനിൽ (പൾസർ സുനി) ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
പ്രതികൾ:
- സുനിൽ എൻ.എസ്. (പൾസർ സുനി)
- മാർട്ടിൻ ആന്റണി
- ബി. മണികണ്ഠൻ
- വി.പി. വിജീഷ്
- എച്ച്. സലിം (വടിവാൾ സലീം)
- പ്രദീപ്
- ചാർലി തോമസ്
- നടൻ ദിലീപ് (പി. ഗോപാലകൃഷ്‌ണൻ)
- സനിൽകുമാർ (മേസ്‌തിരി സനിൽ)
- ജി. ശരത്
കേസിൽ എട്ട് വർഷത്തിനുശേഷമാണ് വിധി വരുന്നത്. വിചാരണ വേളയിൽ 28 പേർ കൂറുമാറുകയും പ്രതിഭാഗം 221 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ നിലപാട്
നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശമയച്ചിരുന്നു. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും സംഭവവുമായി യാതൊരു ബന്ധമില്ലാത്ത ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സമാന സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണം തനിക്ക് നേരെ വരുമെന്ന ഭയം കൊണ്ടാണ് ദിലീപ് ഇത് ചെയ്തതെന്നാണ് പ്രോസിക്യൂഷൻ വാദം.
ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം വെളിപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ, ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പോലീസിന്റെ കെട്ടുകഥ മാത്രമാണെന്നാണ് ദിലീപിന്റെ നിലപാട്.
ഗൂഢാലോചന: മഞ്ജു വാര്യരുടെ ആദ്യ പ്രതികരണം
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരിൽ പ്രമുഖയായിരുന്നു നടി മഞ്ജു വാര്യർ. സംഭവം നടന്നതിന്റെ പിറ്റേന്ന് കൊച്ചിയിൽ നടിക്ക് പിന്തുണയർപ്പിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു മഞ്ജുവിന്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ. "ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് അങ്ങേയറ്റം പൂർണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക," അന്നവർ പറഞ്ഞു. നടൻ ദിലീപും ഇതേ വേദിയിൽ പങ്കെടുത്തിരുന്നു.
നിർണായക ഇടപെടലുകൾ
അന്വേഷണ ഘട്ടം മുതൽ ഇങ്ങോട്ട് അതിജീവിതയ്ക്ക് വേണ്ടി ഉറച്ചുനിന്ന് നിർണായകമായ ഇടപെടലുകൾ നടത്തിയ രണ്ടുപേർ ഇന്നത്തെ വിധി കേൾക്കാൻ ജീവിച്ചിരിപ്പില്ല.
പി.ടി. തോമസ്: കോൺഗ്രസ് നേതാവും മുൻ എം.എൽ.എ.യുമായിരുന്ന പി.ടി. തോമസ് കേസിലെ പ്രധാന സാക്ഷിയായിരുന്നു. മൊഴി കൊടുക്കരുതെന്നും ശക്തമാക്കരുതെന്നും ആവശ്യമുയർന്നിട്ടും അദ്ദേഹം നിലപാടിൽനിന്ന് പിന്നോട്ട് പോയില്ല.
ബാലചന്ദ്രകുമാർ: ദിലീപുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന സംവിധായകനായ ബാലചന്ദ്രകുമാർ. ദിലീപിനെതിരെ ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത് കേസിൽ വഴിത്തിരിവായി. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലാണ് പോലീസ് തുടരന്വേഷണത്തിലേക്ക് കടക്കാൻ പ്രധാന കാരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.