തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരായ വികാരം ശക്തമാണെന്നും, ഈ പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്രവിജയം നേടിക്കൊടുക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അയ്യപ്പനോട് കളിച്ചവരാരും രക്ഷപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ചരിത്രവിജയം നേടാൻ പോവുകയാണ്. 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം പഞ്ചായത്തുകളിലും യു.ഡി.എഫ്. വിജയിച്ചിരുന്നു. 2025-ൽ അതിനേക്കാൾ വലിയ വിജയമാകും ഉണ്ടാകാൻ പോകുന്നത്. ശബരിമലയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങൾ സർക്കാരിനോടും സർക്കാരിന് നേതൃത്വം കൊടുക്കുന്നവരോടും വലിയ പ്രതിഷേധത്തിലാണ്," ചെന്നിത്തല വ്യക്തമാക്കി.
ശബരിമല കൊള്ള: ഉന്നതർ അറസ്റ്റിലാകും
ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉന്നതർ അറസ്റ്റിലാകാനുണ്ടെന്നും എന്നാൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
"ശബരിമലയിൽ കൊള്ള നടത്തിയവർ ഇനിയും അറസ്റ്റിലാവാനുണ്ട്. അയ്യപ്പനോട് കളിച്ചിട്ടുള്ളവരാരും രക്ഷപ്പെട്ടിട്ടില്ല. കേസിൽ ഉന്നതർ ഇനിയും അറസ്റ്റിലാവേണ്ടതുണ്ട്. അവർ എത്ര വലിയവരാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടിവരും. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ സംഭവമാണിത്," അദ്ദേഹം കുറ്റപ്പെടുത്തി.
വിവരങ്ങൾ എസ്.ഐ.ടിക്ക് കൈമാറും
ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, തനിക്ക് ലഭ്യമായ എല്ലാ വിവരങ്ങളും ഡിസംബർ പത്ത് ബുധനാഴ്ച രാവിലെ 11 മണിയോടെ എസ്.ഐ.ടിക്ക് കൈമാറുമെന്നും ചെന്നിത്തല അറിയിച്ചു.
"വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്‌മകൊണ്ടും കഷ്‌ടപ്പെടുന്ന കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിന് എങ്ങനെ വോട്ട് ചെയ്യും? സർക്കാർ വിരുദ്ധവികാരം വളരെ ശക്തമാണ്. ഈ വസ്തുതകളെല്ലാം കൂടിച്ചേരുമ്പോൾ ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്രവിജയം ഉണ്ടാകും എന്നതിൽ എനിക്ക് പൂർണവിശ്വാസമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.