പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ വാശിയേറിയ പോരാട്ടത്തിൽ, പാലാ നഗരസഭയിലെ മാണി സി. കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡ് കേരള കോൺഗ്രസ് (എം) പിടിച്ചെടുത്തു. സിറ്റിങ് എം.എൽ.എയും അദ്ദേഹത്തിൻ്റെ ഭാര്യയും എം.പി.യുമെല്ലാം നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും വാർഡ് കൈപ്പിടിയിലൊതുക്കാൻ യു.ഡി.എഫിന് സാധിച്ചില്ല.
വനിതാ സംവരണ വാർഡായ പുലിമലക്കുന്നിൽ (വാർഡ് 26), കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലംപറമ്പിലാണ് 'രണ്ടില' ചിഹ്നത്തിൽ ഉജ്വല വിജയം നേടിയത്. കേരള കോൺഗ്രസ് (എം) നേതാവും കൗൺസിലറുമായ ബൈജു കൊല്ലംപറമ്പിലിൻ്റെ ഭാര്യയാണ് ജിജി. കാപ്പൻ്റെ പാർട്ടിയായ കേരള ഡെമോക്രാറ്റിക് പാർട്ടി (കെ.ഡി.പി.) ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച മിനിയായിരുന്നു യു.ഡി.എഫ്. സ്ഥാനാർത്ഥി. ഈ വാർഡ് ചോദിച്ച് വാങ്ങിച്ചെടുത്ത യു.ഡി.എഫിന്, മാണി ഗ്രൂപ്പിനെ ഇവിടെ തറപറ്റിക്കുക എന്ന ലക്ഷ്യമാണ് ഇതോടെ തകർന്നത്.
വോട്ട് തടസ്സപ്പെടുത്താൻ നീക്കം: ഹൈക്കോടതിയെ സമീപിച്ചു
തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും വോട്ടെടുപ്പിനോടനുബന്ധിച്ചും ഈ വാർഡിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. വോട്ടർ പട്ടികയിലുണ്ടായിരുന്ന 151-ൽ പരം സ്ഥിരം വോട്ടർമാരെ നീക്കം ചെയ്യണമെന്ന പരാതി നേരത്തെ ഉയർന്നിരുന്നുവെങ്കിലും, വോട്ടർമാർ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഇവരുടെ വോട്ടവകാശം സ്ഥിരപ്പെടുത്തി നൽകി. കൂടാതെ, വാർഡിലെ ഒരു പ്രമുഖ പുനരധിവാസ കേന്ദ്രത്തിലെ അറുപതിലേറെ വോട്ടർമാരുടെ വോട്ടുകൾ തടസ്സപ്പെടുത്തുന്നതിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു.
കുറഞ്ഞ പോളിങ്, ഭീഷണി ആരോപണം
ആകെയുള്ള 773 വോട്ടിൽ 496 വോട്ടുകൾ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. പുനരധിവാസ കേന്ദ്രത്തിലെ അറുപതിലേറെ വോട്ടർമാർ വോട്ട് ചെയ്യാനെത്താതിരുന്നത് ശ്രദ്ധേയമായി. ബാഹ്യ ഭീഷണിയെ തുടർന്നാണ് വോട്ടർമാർ വോട്ടെടുപ്പിൽ നിന്ന് പിന്മാറിയതെന്ന് ആരോപണമുണ്ട്.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കും എതിരെയുള്ള ജനവിധിയും തങ്ങളുടെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരവുമാണ് ഈ വിജയമെന്ന് കേരള കോൺഗ്രസ് (എം) നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലംപറമ്പിൽ പ്രതികരിച്ചു. വിജയത്തിന് പിന്നാലെ ജിജി ബൈജു കൊല്ലംപറമ്പിലിന് പ്രവർത്തകർ ഉജ്വല സ്വീകരണവും നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.