തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണായകമായ ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം മൂന്ന് പ്രധാന മുന്നണികൾക്കും അതീവ അനിവാര്യമായിരുന്നു.
എൽഡിഎഫിന് ഹാട്രിക് ഭരണമെന്ന ലക്ഷ്യം, യുഡിഎഫിന് മൂന്നാമതും പ്രതിപക്ഷത്തിരിക്കുന്ന ദുരവസ്ഥ ഒഴിവാക്കി ഭരണത്തിലേറാനുള്ള ദൃഢനിശ്ചയം, കൂടാതെ തൃശ്ശൂർ ലോക്സഭാ സീറ്റിലെ വിജയം ഒരു 'കൈയബദ്ധ'മല്ലെന്ന് തെളിയിച്ച് രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കാനുള്ള ബിജെപിയുടെ താൽപ്പര്യം. എന്നാൽ, ഫലം വന്നപ്പോൾ എൽഡിഎഫിന് കാര്യമായ തിരിച്ചടി നേരിടുകയും യുഡിഎഫ് ആധികാരികമായ വിജയം ഉറപ്പാക്കുകയും ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ അടക്കമുള്ള നിർണായക മേഖലകളിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി തങ്ങളുടെ രാഷ്ട്രീയ അടിത്തറ വികസിപ്പിച്ചു.
മാസങ്ങൾ മാത്രം അകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി ഈ തദ്ദേശഫലം മാറുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. തദ്ദേശപ്പോരാട്ടങ്ങളിൽ സാധാരണയായി ഇടതുപക്ഷം മേൽക്കൈ നേടുന്ന പതിവ് ഇത്തവണ തെറ്റി. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം, ചേലക്കര ഒഴികെയുള്ള ഉപതിരഞ്ഞെടുപ്പുകളിലെ ജയം, എന്നിവയ്ക്കു പിന്നാലെയുള്ള ഈ തദ്ദേശവിജയം, സംസ്ഥാനഭരണത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുന്നുവെന്ന ആത്മവിശ്വാസം യുഡിഎഫിന് നൽകുന്നു.
എൽഡിഎഫ്: പ്രതീക്ഷകൾക്ക് മങ്ങലേറ്റപ്പോൾ
മൂന്നാമതും സംസ്ഥാനഭരണം പിടിക്കാനുള്ള ചവിട്ടുപടിയായി മാറേണ്ടിയിരുന്ന തദ്ദേശപോരാട്ടത്തിലെ വിജയം എൽഡിഎഫിന് കൈമോശം വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം, ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിൽ കേന്ദ്രീകരിച്ചതുകൊണ്ടാണെന്ന വ്യാഖ്യാനമാണ് 2016-ലും 2021-ലും സിപിഎം നൽകിയിരുന്നത്. ലോക്സഭയിലെ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പിൽ മറികടന്ന് തൊട്ടുപിന്നാലെ വരുന്ന നിയമസഭയിലും വിജയം ആവർത്തിക്കുക എന്നതായിരുന്നു ഇടതുക്യാമ്പിലെ രാഷ്ട്രീയ തന്ത്രം. ഭരണത്തിലിരിക്കുമ്പോൾ വോട്ടാകർഷണ നടപടികൾ പ്രഖ്യാപിച്ചും ക്ഷേമ പദ്ധതികൾ ഉറപ്പാക്കിയും ഇത് സാധ്യമാക്കാൻ വേണ്ട തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, ശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമലയിലെ സ്വർണക്കവർച്ചാ വിവാദം പോലുള്ള വിഷയങ്ങളും ഇടതു സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു. കൊല്ലം പോലെയുള്ള ഉറച്ച ഇടതുകോട്ടയിൽ പോലും വിള്ളലുകൾ വീണത്, ഭരണവിരുദ്ധവികാരം എത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ സൂചന നൽകുന്നു.
യുഡിഎഫ്: പ്രതിരോധം, ആയുധങ്ങൾ, വിജയം
തുടർച്ചയായ മൂന്നാം പ്രതിപക്ഷസ്ഥാനം യുഡിഎഫിനെ സംബന്ധിച്ച് സ്വയം തകരുന്ന കപ്പൽ പോലെയാകുമെന്ന തിരിച്ചറിവാണ് അവരുടെ പ്രധാന പ്രചോദനമായത്. കോൺഗ്രസ് തീർത്തും ദുർബലമാകുമെന്ന ബോധ്യം പാർട്ടിയിൽ ശക്തമായതോടെ, പടലപ്പിണക്കങ്ങൾ ഏറെയുണ്ടെങ്കിലും പൊതുധാരണയിൽ ഒന്നിച്ചു മുന്നോട്ട് പോകാൻ നേതൃത്വത്തിന് സാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ നേരത്തേ ആരംഭിച്ചതും സ്ഥാനാർത്ഥികളെ താഴെത്തട്ടിൽ തന്നെ തീരുമാനിച്ചതും അസ്വാരസ്യങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കി.
ആശാസമരം, ശബരിമല സ്വർണക്കൊള്ള, മാസപ്പടി ഉൾപ്പെടെയുള്ള ആരോപണങ്ങളെ യുഡിഎഫ് ഒരുവശത്ത് ആയുധങ്ങളാക്കി. തൃശ്ശൂരിലെ ബിജെപി വിജയമടക്കം സിപിഎം-ബിജെപി ഒത്തുകളിയുടെ ഫലമാണെന്ന ശക്തമായ പ്രചാരണം നടത്തി. പിഎം ശ്രീ പദ്ധതിയിൽ സർക്കാർ രഹസ്യമായി ഒപ്പിട്ടത് ഈ 'ബന്ധത്തിൽ' ജനിച്ച കുഞ്ഞാണെന്ന പ്രചാരണം ജനമനസ്സിൽ സ്വാധീനം ചെലുത്തി. മുസ്ലീം ന്യൂനപക്ഷപ്രീണനം വിട്ട് സിപിഎം ഭൂരിപക്ഷ മൃദുസമീപനത്തിലേക്ക് മാറിയപ്പോൾ, ആരെയും പിണക്കാതെ, എന്നാൽ സാമുദായിക നേതൃത്വത്തോട് ബഹുമാനം കളയാതെ ദൂരം പാലിച്ച യുഡിഎഫിന്റെ നിലപാട് പൊതു അംഗീകാരം നേടി. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം യാദൃച്ഛികമല്ലെന്ന് ബോധിപ്പിക്കുംവിധമായിരുന്നു പ്രചാരണത്തിനുള്ള തിരക്കഥയൊരുക്കിയത്.
ബിജെപി: ബലാബലത്തിലൂടെയുള്ള മുന്നേറ്റം
ത്രികോണപ്പോര് എന്നത് ആലങ്കാരിക പദത്തിനപ്പുറം, എൽഡിഎഫിനും യുഡിഎഫിനും ഒപ്പം നിൽക്കുന്ന ഒരു ശക്തിയായി വോട്ടുവിഹിതം ഉയർത്തുക എന്നതായിരുന്നു ബിജെപിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ തുടർച്ചയായി രണ്ടാംസ്ഥാനം നിലനിർത്തിയിരുന്ന ബിജെപിക്ക് ഇത്തവണ ഭരണവിരുദ്ധ വികാരം മൂലമുള്ള വോട്ടുകൾ അനുകൂലമായി ലഭിച്ചതിൽ അത്ഭുതമില്ല. തിരുവനന്ത പുറം കോർപറേഷനിൽ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചതിന്റെയും കൂടിയുള്ള സ്പുരണങ്ങൾ ആണ് ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് . തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിനും തിരുവനന്തപുരം കോർപ്പറേഷനും ശേഷം, നിയമസഭയിലേക്ക് 25 സീറ്റുകളെങ്കിലും ലക്ഷ്യം വച്ച് പോരാടാനുള്ള ഊർജമാണ് ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നൽകുന്നത്.
സംഘരാഷ്ട്രീയത്തിന്റെ വേരോട്ടം പ്രകടമാക്കിക്കൊണ്ട് ബിജെപിക്ക് 26 ഗ്രാമപ്പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഒരു കോർപ്പറേഷനിലും ഭരണം ലഭിച്ചു. ബിജെപിക്ക് വോട്ടുകിട്ടുമ്പോൾ യുഡിഎഫ് വോട്ടാണ് കുറയുക എന്ന പഴയ നിരീക്ഷണം ഇതോടെ അപ്രസക്തമായി. ബിജെപി പെട്ടിയിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകൾ നിസ്സംശയം വീഴുന്നുണ്ടെന്നും ഈ ഫലം തെളിയിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.