മലാഗ: ബോർഡിങ് പാസ് ഉപയോഗിച്ച് മൃതദേഹം വിമാനത്തിനുള്ളിൽ യാത്ര നടത്താൻ എത്തിച്ചതായി ആരോപണം.
സ്പെയിനിലെ മലാഗയിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെടാനിരുന്ന ഈസി ജെറ്റ് (EasyJet) വിമാനത്തിലാണ് സഹയാത്രികരെയും ജീവനക്കാരെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. 89 വയസ്സുള്ള ഒരു ബ്രിട്ടീഷ് സ്വദേശിനിയെ മരിച്ച നിലയിൽ വിമാനത്തിൽ യാത്ര ചെയ്യിക്കാൻ ബന്ധുക്കൾ ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന ആരോപണം.
അഞ്ച് ബന്ധുക്കൾ ചേർന്നാണ് വൃദ്ധയെ വിമാനത്താവളത്തിൽ എത്തിച്ചത്. വീൽചെയറിലായിരുന്ന ഇവർക്ക് കഴുത്തിന് താങ്ങായി ‘നെക്ക് ബ്രേസ്’ ധരിപ്പിച്ചിരുന്നു. അവസ്ഥ കണ്ട് സംശയം തോന്നിയ വിമാനത്താവള ജീവനക്കാരോട് തങ്ങൾ ഡോക്ടർമാരാണെന്നും ഇവർ വെറും ക്ഷീണിതയാണെന്നുമാണ് ബന്ധുക്കൾ മറുപടി നൽകിയത്. യാത്രാ അനുമതി പത്രമായ ‘ഫിറ്റ് ടു ഫ്ലൈ’ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയതോടെ ഇവർക്ക് ബോർഡിങ് അനുവദിച്ചു.
വിമാനത്തിനുള്ളിൽ പിൻസീറ്റിലേക്ക് എടുത്തുയർത്തി ഇരുത്തിയ വൃദ്ധയോട് ബന്ധുക്കൾ സംസാരിക്കാനും വെള്ളം കുടിക്കാൻ നൽകാനും ശ്രമിച്ചിരുന്നതായി സഹയാത്രികർ പറയുന്നു. എന്നാൽ അവർക്ക് ജീവനുണ്ടെന്ന് തോന്നിയിരുന്നില്ലെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി.
വിമാനം പറന്നുയരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കാബിൻ ക്രൂവിന് സംശയം തോന്നി പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പാരാമെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിൽ വൃദ്ധ മരിച്ചതായി സ്ഥിരീകരിച്ചു.എന്നാൽ വിമാനത്തിൽ കയറുമ്പോൾ യാത്രക്കാരിക്ക് ജീവനുണ്ടായിരുന്നുവെന്നും രേഖകളെല്ലാം കൃത്യമായിരുന്നു എന്നുമാണ് ഈസി ജെറ്റ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം
മരണവാർത്ത കേട്ടിട്ടും ബന്ധുക്കൾ യാതൊരു സങ്കടവും പ്രകടിപ്പിക്കാതിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. മൃതദേഹം വിദേശത്ത് നിന്ന് കൊണ്ടുപോകാനുള്ള ഭാരിച്ച ചെലവ് ഒഴിവാക്കാനാണോ ഇത്തരമൊരു ശ്രമം നടത്തിയതെന്ന് സംശയമുണ്ട്. സംഭവത്തെ തുടർന്ന് 12 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.