ഡൽഹി : യുഎസിൽ വൻ ചർച്ചകൾക്ക് വഴിതുറന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചേർന്ന് കാറിൽ ഇരുന്നെടുത്ത സെൽഫി.
ഈ സെൽഫി ആയിരം വാക്കുകളാണ് സംസാരിക്കുന്നതെന്നും ഇന്ത്യയ്ക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തലതിരിഞ്ഞ നയങ്ങളാണ് മോദിയെയും പുട്ടിനെയും കൂടുതൽ അടുപ്പിച്ചതെന്നും യുഎസ് കോൺഗ്രസ് പ്രതിനിധിയും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവ് തുറന്നടിച്ചു.ഇന്ത്യയുമായുള്ള ബന്ധം ട്രംപ് ഭരണകൂടം നശിപ്പിച്ചുവെന്ന് റപ്രസന്റേറ്റീവ് ഹൗസ് സെഷനിൽ കാംലഗർ-ഡവ് പറഞ്ഞു.
ട്രംപ് ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ച താരിഫും കടുത്ത വീസ ചട്ടങ്ങളും ഫലത്തിൽ അമേരിക്കയ്ക്കുതന്നെ വിനയായി. ഇരു രാജ്യങ്ങൾക്കുമിടയിലെ വിശ്വാസവും നഷ്ടമായി. ‘‘ആ ചിത്രം (സെൽഫി) ആയിരം വാക്കുകളാണ് സംസാരിക്കുന്നത്. നമ്മുടെ മിത്രങ്ങളെ എതിർപക്ഷത്തുള്ളവരുമായി അടുപ്പിച്ചാൽ നിങ്ങൾക്ക് നൊബേൽ കിട്ടില്ല’’, ട്രംപിനെ വിമർശിച്ച് കാംലഗർ-ഡവ് പറഞ്ഞു.അമേരിക്കയ്ക്ക് ഇന്ത്യയെ നഷ്ടപ്പെടുത്തിയ പ്രസിഡന്റ് ആവുകയാണ് ട്രംപ്. നഷ്ടപ്പെട്ട ബന്ധവും വിശ്വാസവും തിരിച്ചുപിടിക്കാൻ നടപടി വേണം. ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നത് അമേരിക്കയ്ക്ക് ഒരു മുന്നറിയിപ്പാണ്. ഇന്ത്യ റഷ്യയുമായി അടുക്കുന്നതിൽ അതിശയോക്തിയില്ല. എന്നാൽ, അമേരിക്കയ്ക്ക് ഒരു തന്ത്രപ്രധാന പങ്കാളിയെയാണ് നഷ്ടപ്പെടുന്നതെന്നും കാംലഗർ-ഡവ് പറഞ്ഞു. ബൈഡൻ ട്രംപിന് അധികാരം കൈമാറുമ്പോൾ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം അതിന്റെ പാരമ്യത്തിലായിരുന്നു.
അത് പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും അച്ചടക്കത്തോടെയുമാണ് ഇന്ത്യയും അമേരിക്കയും സാധ്യമാക്കിയത്. എന്നാൽ, ട്രംപ് സ്വാർഥതാൽപ്പര്യങ്ങൾക്കുവേണ്ടി ആ ബന്ധം മോശമാക്കി. ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ, മറ്റേതു രാജ്യങ്ങളേക്കാളും കൂടുതലാണ്. എച്ച്1-ബി വീസയ്ക്ക് യുഎസ് ഒരുലക്ഷം ഡോളർ ഫീസും ചുമത്തിയതോടെ മോദിയും ട്രംപും തമ്മിൽ ഒരുമിച്ചിരിക്കാനുള്ള സാധ്യതയാണ് ഇല്ലാതായത്.അതേസമയം, ട്രംപിന്റെ അനുയായികൾ പുറംവാതിലിലൂടെ പുട്ടിനുമായി ചർച്ചയും നടത്തുന്നു. യുക്രെയ്ന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കാനുള്ള പിൻവാതിൽ നീക്കങ്ങളാണ് നടക്കുന്നതെന്ന കടുത്ത വിമർശനവും കാംലഗർ-ഡവ് ഉയർത്തി.എച്ച്1-ബി വീസ കൂട്ടിയത് ഇന്ത്യയ്ക്കാണ് ഏറ്റവും തിരിച്ചടിയായത്.
ഇന്ത്യക്കാർ അമേരിക്കയുടെ ടെക്നോളജി, മെഡിസിൻ, സയൻസ് തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവന ട്രംപ് പരിഗണിച്ചില്ലെന്നും കാംലഗർ-ഡവ് പറഞ്ഞു. വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്ന് കാറിൽ മോദിക്കൊപ്പം പോകുമ്പോഴായിരുന്നു സെൽഫി എടുത്തത്. ഇതു പിന്നീട് ആഗോളതലത്തിൽ വൈറൽ ആവുകയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.