ലഖ്നൗ: ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം.
25 ഓളം പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു.മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി വളരെ കുറവായിരുന്നു. ഇതേത്തുടർന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
മൂടൽ മഞ്ഞിൽ കാഴ്ച മങ്ങിയതോടെ ഏഴു ബസുകളും മൂന്ന് കാറുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിനു പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. “സംഭവം അറിഞ്ഞയുടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പ്രാദേശിക ഭരണകൂടവും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഭാഗമായി. നിലവിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 25 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഗുരുതര പരിക്കേറ്റവരില്ല. വാഹനങ്ങളിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ സർക്കാർ വാഹനങ്ങളിൽ വീടുകളിലെത്തിച്ചു", മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
തീ കത്തിപ്പടരുന്നതിനിടെ സഹായത്തിനായി യാത്രക്കാർ നിലവിളിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ഒന്നിനു പിറകെ ഒന്നായി വാഹനങ്ങൾ കത്തുകയായിരുന്നു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.