തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗാനരചയിതാവ്, സംവിധായകൻ, ഗായകൻ, പാട്ട് പ്രചരിപ്പിച്ചവർ എന്നിവരെ പ്രതികളാക്കിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്.കുഞ്ഞുപ്പിള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതിയായി കുഞ്ഞുപ്പിള്ളയെയും രണ്ടാം പ്രതിയായി ഗാനം ആലപിച്ച ഡാനിഷ് മലപ്പുറത്തെയുമാണ് ചേർത്തിരിക്കുന്നത്. സിഎംഎസ് മീഡിയ മൂന്നാം പ്രതിയും സുബൈർ പന്തല്ലൂർ നാലാം പ്രതിയുമാണ്.
ഗാനരചയിതാവ്, സംവിധായകൻ, ഗായകൻ തുടങ്ങി ഈ പാരഡി ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും അത് പ്രചരിപ്പിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 299, 353 (1) സി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മതവികാരം വ്രണപ്പെടുത്തുക, മതസ്പർധ വളർത്താൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.മതവികാരം വ്രണപ്പെടുത്തൽ
അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അവഹേളിക്കുന്ന തരത്തിലാണ് പാരഡി ഗാനം ചിട്ടപ്പെടുത്തിയതെന്നാണ് പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയ്യപ്പഭക്തിഗാനം പാരഡിയാക്കി ഉപയോഗിച്ചതിലൂടെ വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അയ്യപ്പൻ്റെ പേര് അനാവശ്യമായി ഉപയോഗിച്ചുവെന്നും മതസ്പർധയുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പൊതുജനങ്ങൾക്ക് ഇടയിലും വിശ്വാസി സമൂഹത്തിലും മതവികാരത്തെ അപമാനിക്കുന്ന വിധവും മതവികാരം പ്രചോദിപ്പിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പാട്ട് നിർമിച്ചതെന്ന് പൊലീസ് കണ്ടെത്തി. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുംവിധം വരികളെഴുതി, അതിലൂടെ വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കിവിടണമെന്നും വിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തണമെന്നും പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
നടപടിക്രമങ്ങൾ ഇങ്ങനെ
തിരുവാഭരണ പാത സംരക്ഷണ സമിതി നേതാവായ റാന്നി സ്വദേശി പ്രസാദ് കുഴിക്കാലയാണ് വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകിയത്. ഡിജിപി ഈ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറുകയായിരുന്നു. തുടർന്ന് എഡിജിപിയുടെ നിർദേശപ്രകാരം സൈബർ പൊലീസ് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് കേസ് റജിസ്റ്റർ ചെയ്യാൻ സിറ്റി സൈബർ പൊലീസ് വിങ്ങിന് നിർദേശം നൽകിയത്. തൈക്കാട് സിറ്റി സൈബർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹത്തിൽ സമാധാന ലംഘനം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഒന്നാം പ്രതി ഗാനം നിർമിച്ചതെന്ന് പൊലീസ് പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഹിന്ദുമത വിശ്വാസിയും അയ്യപ്പഭക്തനുമായ പരാതിക്കാരൻ നിയമനടപടികളുമായി പൊലീസിനെ സമീപിച്ചത്. വരും ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.