തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസിനു പിന്നാലെ ബലാത്സംഗക്കേസിലും പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍.
മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം തുടരും. കോടതി ഉത്തരവ് എന്തായിരിക്കും എന്നത് രാഹുലിനെ സംബന്ധിച്ച് നിർണായകമായിരിക്കും. ജാമ്യാപേക്ഷ തള്ളിയാലുടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനവും ഏത് നിമിഷവും വരാം. കോടതി വിധിക്കായിട്ട് കെപിസിസിയും കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിനെ പുറത്താക്കുക എന്ന തീരുമാനത്തില്‍ നേതൃത്വം കൈക്കൊണ്ടുകഴിഞ്ഞു.അറസ്റ്റൊഴിവാക്കാനായി ഒളിവില്‍ക്കഴിയുന്ന രാഹുല്‍ ബെംഗളൂരുവില്ത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേകാന്വേഷണ സംഘം. കോടതി ഉത്തരവിന് മുൻപുതന്നെ രാഹുലിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി പോലീസ് സംഘം ബെംഗളൂരുവിലുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കര്‍ണാടക പോലീസിന്റെ സഹായം അന്വേഷണസംഘത്തിന് പൂര്‍ണതോതില്‍ ലഭിക്കുന്നുമില്ല.
വിവരം ചോരാനുള്ള പഴുതുകൾ അടച്ചാണ് അന്വേഷണവും പരിശോധനയും നടക്കുന്നതെങ്കിലും പോലീസില്‍ നിന്നുതന്നെ രാഹുലിന് വിവരം ചോര്‍ന്നുകിട്ടുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രാഹുല്‍ രക്ഷപ്പെട്ടതാണ് ഈ സംശയത്തിന് കാരണം. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ ഇന്ന് വിധി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നകേസില്‍ രാഹുലിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധിയുണ്ടാകും.
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതിചോദിച്ചത് കോടതി അനുവദിക്കുകയും ചെയ്തു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കിയപ്പോള്‍ അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്സാപ്പ് ചാറ്റുകളെയാണ് പ്രോസിക്യൂഷന് കൂടുതല്‍ ആശ്രയിച്ചത്.
കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്സാപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഹര്‍ജിയില്‍ വിധിയുണ്ടാകുംവരെ രാഹുലിനെ അറസ്റ്റുചെയ്യരുതെന്ന ആവശ്യത്തില്‍ കോടതി നിലപാട് സ്വീകരിച്ചില്ല. നടപടി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം എഐസിസി അധ്യക്ഷനടക്കം പുതിയ പരാതിലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് സൂചന.
ചൊവ്വാഴ്ച വൈകീട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കൂടിയാലോചന നടത്തിയിരുന്നു. രാഹുലിനെതിരായ അച്ചടക്ക നടപടി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം ഉയരുന്നുമുണ്ട്. കോടതി തീരുമാനം കാക്കുന്നതില്‍ ഒരുവിഭാഗം അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം. ഹസന് എന്നിവരോടെല്ലാം അഭിപ്രായം തേടി.
പുറത്താക്കണമെന്നാണ് നേതാക്കള്‍ അറിയിച്ചത്. ഇതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ വേണുഗോപാല്‍ അറിയിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ സണ്ണി ജോസഫും നേതാക്കളുമായി കൂടിയാലോചന നടത്തി. രാഹുല്‍ ചെയ്തതിന്റെ പാപഭാരം പേറുകയും പഴികേള്‍ക്കുകയും ചെയ്യേണ്ട ആവശ്യം കോണ്‍ഗ്രസിനില്ലെന്ന അഭിപ്രായമാണ് എല്ലാ നേതാക്കളും പങ്കുവെച്ചത്.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടനെ നടപടി പ്രഖ്യാപിക്കും.ജാമ്യാപേക്ഷയില്‍ കോടതി തീരുമാനംവരുംവരെ കാത്തിരിക്കണോയെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപാ ദാസ്മുന്‍ഷിയും രാഹുലിനെതിരേ കര്‍ശനനടപടി വേണമെന്ന നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി ചോദ്യങ്ങള്‍ നേരിടുന്ന സ്ഥിതിയുണ്ടാകരുതെന്ന അഭിപ്രായം അവര്‍ സണ്ണി ജോസഫിനെ അറിയിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ കുറ്റം പ്രഥമദൃഷ്ട്യാ കോടതി അംഗീകരിക്കുന്നതിന് തുല്യമാണ്.
അത് സംഘടനാനടപടി സ്വീകരിക്കുന്ന കാര്യത്തിലും ഉചിതമായ ഒരു സാഹചര്യമാണെന്ന അഭിപ്രായം എല്ലാവരും അംഗീകരിക്കുന്നു. ആരോപണം വന്നപ്പോള്‍ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ്ചെയ്തതാണ്. കെപിസിസിക്ക് ലഭിച്ച പരാതി ഉടനടി പോലീസിന് കൈമാറിയത് കോണ്‍ഗ്രസ് രാഹുലിനൊപ്പമില്ലെന്ന് ഉറപ്പിക്കുന്ന നടപടിയായി. പുറത്താക്കുന്നതോടെയേ അത് പൂര്‍ത്തിയാകൂവെന്നും നേതാക്കൾ നിലപാട് സ്വീകരിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.