കൊച്ചി :വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസ് സംഘം ആശുപത്രിയിൽ എത്തിക്കാതെ കടന്നതായി പരാതി.
അപകടത്തിൽ പൊലീസുകാരനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ചെല്ലാനം മാളികപ്പറമ്പ് ഐസ് പ്ലാന്റിനു സമീപമായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കിൽ വന്ന ആലപ്പുഴ കൊമ്മാടി സ്വദേശി രാജേന്ദ്രന്റെ മകൻ അനിൽ (28), സുഹൃത്ത് രാഹുൽ സാബു (29) എന്നിവരെ പൊലീസ് തടയാൻ ശ്രമിച്ചത് അപകടത്തിന് ഇടയാക്കുകയായിരുന്നു.അപകടത്തിൽ അനിലിന്റെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോന്റെ കൈ ഒടിയുകയും ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്താൻ സിപിഒ ബിജുമോനെ ഗുരുതരമായി പരുക്കേൽപ്പിച്ചു എന്നു കാട്ടി അനിലിനും രാഹുൽ സാബുവിനുമെതിരെ പൊലീസ് കേസെടുത്തു.
കണ്ണമാലി സ്റ്റേഷനിലെ എഎസ്ഐ സി.ബിജുമോനൊപ്പം വാഹനപരിശോധന നടത്തുകയായിരുന്നു സിപിഒ വി.എ.ബിജുമോൻ. ഇതിനിടെ ബൈക്കിലെത്തിയ അനിലിനെയും രാഹുലിനെയും പൊലീസ് നിർത്താൻ ശ്രമിച്ചു. എന്നാൽ ഇവർ വാഹനം നിർത്താതെ വേഗം കൂട്ടിയെന്ന് പൊലീസും, നിര്‍ത്താനായി വേഗം കുറച്ചെന്ന് രാഹുലും പറയുന്നു. ബിജുമോൻ അനിലിന്റെ കൈയിൽ കയറി പിടിച്ചതോടെ ആക്സിലേറ്റർ കൂടി ബൈക്ക് തലകുത്തി വീണെന്ന് രാഹുൽ പറയുന്നു.
ഇതിനൊപ്പം അനിൽ മുഖമടിച്ചും ബിജുമോൻ കൈ കുത്തിയും വീഴുകയായിരുന്നു. വീഴ്ചയിൽ ബിജുമോന്റെ ബോധം നഷ്ടപ്പെട്ടു. അനിലിന്റെ മൂക്കിന്റെ പാലം തകരുകയും 3–4 പല്ലുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. രാഹുലിന് കാര്യമായ പരുക്കില്ല.
പിന്നാലെ സിപിഒ ബിജുമോനെ മാത്രം വാഹനത്തിൽ കയറ്റി പൊലീസ് പോയി എന്നാണ് പരാതി. അനിലിന് ഗുരുതരമായി പരുക്കുണ്ടെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും രാഹുൽ പറഞ്ഞെങ്കിലും പൊലീസ് അത് അവഗണിച്ച് സ്ഥലത്തു നിന്നു പോയി എന്നാണ് ആരോപണം.
തുടർന്ന് അപകടത്തിൽപ്പെട്ട ബൈക്കിൽ തന്നെ അനിലിനെ ഇരുത്തി തന്റെ പിന്നിൽ ഷർട്ടുകൊണ്ട് കെട്ടിവച്ച് രാഹുൽ 20 കിലോമീറ്റർ ഓടിച്ച് ചെട്ടികാട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.
മുഖത്തിന് ഗുരുതരമായി പരുക്കേറ്റ അനിലിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിജുമോന്റെ കൈക്ക് ഇന്ന് ഉച്ചയോടെ ശസ്ത്രക്രിയ നടത്തി. ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.