ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് എതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി.
നെഹ്‌റുവിനെ അപകീർത്തിപ്പെടുത്താനും വളച്ചൊടിക്കാനും താഴ്ത്തിക്കെട്ടാനും അപമാനിക്കാനുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്ന് സോണിയ ആരോപിച്ചു. നെഹ്‌റുവിന്റെ സംഭാവനകളെ കുറിച്ചുള്ള വിശകലനവും വിമർശനവും സ്വാഗതാർഹമാണ്.എന്നാൽ അദ്ദേഹം എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളിൽ കരുതിക്കൂട്ടിയുള്ള ദുരുദ്ദേശ്യപരമായ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു. ജവഹർ ഭവനിൽ നടന്ന നെഹ്‌റു സെന്റർ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോണിയ.ബിജെപിയുടെയോ ആർഎസ്എസിന്റെയോ പേര് പറയാതെയായിരുന്നു സോണിയയുടെ വിമർശനം. നെഹ്‌റുവിനെ അപകീർത്തിപ്പെടുത്താനുള്ള പദ്ധതിയാണ് ഇന്നത്തെ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. അവരുടെ ലക്ഷ്യം നെഹ്‌റുവിനെ ഇല്ലാതാക്കുക എന്നത് മാത്രമല്ല, നമ്മുടെ രാഷ്ട്രം സ്ഥാപിതമായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക അടിത്തറകളെ നശിപ്പിക്കുക എന്നതാണെന്നും സോണിയ പറഞ്ഞു.
ബാബരി മസ്ജിദ് പണിയാൻ നെഹ്‌റു പൊതുഖജനാവിലെ പണം ഉപയോഗിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സർദാർ പട്ടേൽ ആ നീക്കം തടഞ്ഞുവെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ആരോപണം ശുദ്ധ നുണയാണെന്നും വർഗീയ ധ്രുവീകരണത്തിന് ഇന്ധനം പകരാനാണ് രാജ്‌നാഥ് സിങ് ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.
ബിജെപി അധികാരത്തിലെത്തിയ ശേഷം പാർലമെന്റ് ചർച്ചകളിലും പാർട്ടി റാലികളിലും നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും വിമർശിക്കുന്നത് നിരന്തരം ആവർത്തിക്കാറുണ്ട്. നെഹ്റുവിനെതിരായ പദ്ധതിക്ക് പിന്നിലുള്ള ശക്തികൾക്ക് സ്വാതന്ത്ര്യസമരത്തിലോ ഭരണഘടനാ നിർമാണത്തിലോ ഒരു പങ്കുമില്ലെന്ന് സോണിയ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച വെറുപ്പിന്റെ അന്തരീക്ഷം വളരെക്കാലം മുമ്പ് വിതച്ച ഒരു പ്രത്യയശാസ്ത്രമാണിത്.
അദ്ദേഹത്തിന്റെ കൊലയാളികളെ ഇന്നും അവരുടെ അനുയായികൾ മഹത്വവൽക്കരിക്കുന്നത് തുടരുന്നു. മതഭ്രാന്തും ക്രൂരമായ വർഗീയ വീക്ഷണവുമുള്ള ഒരു പ്രത്യയശാസ്ത്രമാണിത്. എല്ലാതരം മുൻവിധികളും ഇളക്കിവിടുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയതയോടുള്ള അതിന്റെ സമീപനം.
നെഹ്റുവിനെപ്പോലുള്ള ഒരു വ്യക്തിയുടെ ജീവിതം വിശകലനം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണെന്നും, എന്നാൽ ചരിത്രം മാറ്റിയെഴുതാനുള്ള ക്രൂരവും സ്വാർത്ഥവുമായ ശ്രമത്തിലൂടെ അദ്ദേഹത്തിന്റെ ബഹുമുഖ പൈതൃകത്തെ തകർക്കാനുള്ള വ്യവസ്ഥാപിത ശ്രമം അംഗീകരിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.