ന്യൂഡൽഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്സഭയിൽ ബഹളം. സഭ 12 മണിവരെ നിർത്തിവച്ചു.
സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിൽ (എസ്ഐആർ) ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് കെ.സി.വേണുഗോപാൽ നോട്ടിസ് നൽകി. എന്നാൽ ചർച്ച അനുവദിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. ബഹളത്തെ തുടർന്ന് സഭാനടപടികൾ നിർത്തിവച്ചു.അതേസമയം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ ചില പാർട്ടികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ബിഹാറിലെ എൻഡിഎ ജയവും തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തം പ്രതീക്ഷ നൽകുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.‘‘പരാജയത്തിന്റെ നിരാശയിൽനിന്ന് പ്രതിപക്ഷം പുറത്തു വരണം. പ്രതിപക്ഷം അവരുടെ ചുമതല നിർവഹിക്കണം. പ്രധാന പ്രശ്നങ്ങൾ ഉന്നയിക്കണം. നിർഭാഗ്യവശാൽ, ചില പാർട്ടികൾക്ക് പരാജയം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്ങനെ പ്രവർത്തിക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് ചില പൊടിക്കൈകൾ നൽകാൻ താൻ തയാറാണെന്നും എന്നാൽ ശൈത്യകാല സമ്മേളനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തില്ലെന്ന് അവർ ഉറപ്പു നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ അംഗങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ അവസരം ലഭിക്കണം. അതിലൂടെ രാജ്യത്തിന് പ്രയോജനം ലഭിക്കണം. നാടകം കളിക്കുന്നതിന് നിരവധി സ്ഥലങ്ങൾ ലഭിക്കും. പാർലമെന്റിൽ നാടകമല്ല പ്രവർത്തനമാണ് വേണ്ടത്. രാഷ്ട്രനിർമാണത്തിൽ എല്ലാവരും ശ്രദ്ധകേന്ദ്രീകരിക്കണം’’– പ്രധാനമന്ത്രി പറഞ്ഞു.ബിഹാർ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന സമ്മേളനത്തിൽ ആണവോർജ ബിൽ ഉൾപ്പെടെയുള്ള 14 ബില്ലുകൾ പരിഗണിക്കും. എസ്ഐആർ വിഷയത്തിൽ പ്രതിപക്ഷം ചർച്ചയാവശ്യപ്പെടും.ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട സുരക്ഷാവീഴ്ചകളും പ്രതിപക്ഷം ചൂണ്ടിക്കാട്ടും. ചട്ടം അനുസരിച്ച് സമ്മേളനം മുന്നോട്ടുപോകുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. അതേസമയം, 20ൽനിന്ന് 15 ദിവസത്തേക്ക് സമ്മേളനം വെട്ടിക്കുറച്ചതോടെ സർക്കാർ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് കോൺഗ്രസും ഡിഎംകെയും ആരോപിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.