ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ജിപിഎസ് സ്പൂഫിങ് നടന്നതായി സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ.
വിമാനങ്ങളുടെ സർവീസിനെ നീക്കം ബാധിച്ചിട്ടില്ലെന്നും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ 10-ാം നമ്പർ റൺവേയിൽ വച്ചാണ് ചില വിമാനങ്ങൾക്കു ജിപിഎസ് സ്പൂഫിങ് അനുഭവപ്പെട്ടതെന്നും കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു.‘‘ലാൻഡിങ്ങിനായി ശ്രമിക്കുന്നതിനിടെയാണ് വിമാനങ്ങളിൽ ജിപിഎസ് സ്പൂഫിങ് നടക്കുന്നത്. റൺവേ 10ലേക്ക് സമീപിക്കുമ്പോളാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ജിപിഎസ് ഇതര നാവിഗേഷൻ സംവിധാനത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റ് റൺവേകളിൽ ഇത് സംഭവിക്കുന്നില്ല. വിഷയത്തിൽ നവംബർ 10ന് തന്നെ ഡിജിസിഎ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്ഒപി) പുറപ്പെടുവിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വയർലെസ് മോണിറ്ററിങ് ഓർഗനൈസേഷനോടു ജിപിഎസ് സ്പൂഫിങ്ങിന്റെ ഉറവിടുത്തെ സംബന്ധിച്ച് റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്’’ – കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.
എന്താണ് ജിപിഎസ് സ്പൂഫിങ്?
ഒരു ഡിജിറ്റൽ ഉപകരണം (ഫോൺ, ഡ്രോൺ, കാർ, കപ്പൽ മുതലായവ) അതിന്റെ യഥാർഥ സ്ഥാനം കാണിക്കുന്നതിനു പകരം തെറ്റായ സ്ഥാനം ജിപിഎസിൽ രേഖപ്പെടുത്തുന്നതിനെയാണ് ജിപിഎസ് സ്പൂഫിങ് എന്ന് പറയുന്നത്. ജിപിഎസ് സിഗ്നലുകൾ വ്യാജമായി നിർമിക്കുകയോ കൈകാര്യം ചെയ്യുമ്പോഴോ ആണ് ജിപിഎസ് സ്പൂഫിങ് നടക്കുന്നത്. ജിപിഎസ് ഉപകരണങ്ങൾ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
ജിപിഎസ് സ്പൂഫിങ് നടക്കുമ്പോൾ, യഥാർഥ ഉപഗ്രഹ സിഗ്നലുകള്‍ക്കു പകരം വ്യാജ സിഗ്നലുകൾ ആയിരിക്കും ഉപയോഗിക്കുക. ഉപകരണത്തിന്റെ യഥാർഥ സ്ഥാനം മറയ്ക്കാനോ നാവിഗേഷൻ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ ആണ് ഇങ്ങനെ ചെയ്യുന്നത്. സൈബർ ആക്രമണത്തിന്റെ ഭാഗമായും ഇങ്ങനെ ചെയ്യാറുണ്ട്. ലൊക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളും ജിപിഎസ് സ്പൂഫിങ് നടത്തിയാണ് ഇരകളെ കബളിപ്പിക്കാറ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.