കോഴിക്കോട്/കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിവിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും, അതിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളെ കാണവെ പറഞ്ഞു.
കേസിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടിരുന്ന നടൻ ദിലീപ് അടക്കമുള്ളവരെ കോടതി വെറുതെവിടുകയും ചെയ്തു. വിധി പ്രോസിക്യൂഷൻ വീഴ്ചയാണോ എന്ന ചോദ്യത്തിന്, വിധിന്യായത്തിന്റെ പൂർണ്ണരൂപം പുറത്തുവരാതെ പ്രതികരിക്കാനാകില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
പിടി തോമസിനെ ഓർത്ത് വി.ഡി. സതീശൻ
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പുതിയ വിധി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന്റെ ഈ പരിസമാപ്തിയിലേക്ക് എത്തുന്നതിൽ മുൻ തൃക്കാക്കര എം.എൽ.എ. ആയിരുന്ന അന്തരിച്ച പി.ടി. തോമസിന്റെ ഇടപെടലിന് വലിയ പങ്കുണ്ട്.
"ഒരുതരത്തിലും പ്രതികൾ രക്ഷപ്പെടരുത് എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ അവസരത്തിൽ അദ്ദേഹത്തെ ഞാൻ പ്രത്യേകം ഓർക്കുന്നു," വി.ഡി. സതീശൻ പറഞ്ഞു.
കൂടാതെ, കേരളത്തിൽ സ്ത്രീ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരാതിയുമായി വരുന്നവർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും, ഇന്നത്തെ സംവിധാനം പോരെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പ്രോസിക്യൂഷൻ പരാജയം: സണ്ണി ജോസഫ്
അതേസമയം, നടിയെ ആക്രമിച്ച കേസിലെ കോടതി വിധി തൃപ്തികരമല്ലെന്ന് കെ.പി.സി.സി. പ്രസിഡന്റും എം.എൽ.എ.യുമായ സണ്ണി ജോസഫ് പ്രതികരിച്ചു. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയിൽ അത് അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണ്," സണ്ണി ജോസഫ് എം.എൽ.എ. പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.