എടപ്പാൾ: എടപ്പാൾ പൊൽപ്പാക്കര ശ്രീ പള്ളിയിൽ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ച് ഒരുക്കിയ കവാടത്തിലെ ദേശഭക്തി തെളിയിക്കുന്ന ലൈറ്റ് ഷോ ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി. സാധാരണ ദേവീദേവതകളുടെ ചിത്രങ്ങൾ തെളിയാറുള്ള പ്രവേശന കവാടത്തിൽ ഇത്തവണ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയും തെളിയുന്ന രീതിയിലാണ് സംഘാടകർ ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. ഭഗവാനോടുള്ള ഭക്തിക്കൊപ്പം ജന്മനാടിനോടും മണ്ണിനോടുമുള്ള അകമഴിഞ്ഞ ദേശസ്നേഹം വിളിച്ചോതുന്ന ഈ ദൃശ്യവിസ്മയം ഭക്തർക്കിടയിൽ പുതിയൊരു വികാരം സൃഷ്ടിച്ചു.
എല്ലാ വർഷവും ഭക്തരുടെ പങ്കാളിത്തത്തോടെ അതിവിപുലമായിട്ടാണ് ശ്രീ പള്ളിയിൽ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കൊണ്ടാടാറുള്ളത്.ഡിസംബർ 5-ന് പാലക്കൊമ്പ് ഘോഷയാത്രയോടെ ആരംഭിച്ച ഈ വർഷത്തെ അയ്യപ്പൻ വിളക്ക് മഹോത്സവം, ഡിസംബർ 6-ന് രാവിലെ സമാപിക്കും. കനൽ ചാട്ടം, തിരിയുഴിച്ചിൽ തുടങ്ങിയ പ്രധാന അനുഷ്ഠാനങ്ങൾ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ഏറ്റവും ശ്രദ്ധേയമായ ചടങ്ങുകളിലൊന്നായ അയ്യപ്പൻ പാട്ട്, അയ്യപ്പന്റെ ജനനം മുതൽ സമാധി വരെയുള്ള സമ്പൂർണ്ണ ചരിതം ഭക്തിനിർഭരമായി അവതരിപ്പിക്കുന്നു. ഇത്തവണത്തെ അയ്യപ്പൻ വിളക്ക് അവതരിപ്പിക്കുന്നത് കാലടി വാസു വെളിച്ചപ്പാടിന്റെ നേതൃത്വത്തിലുള്ള തത്ത്വമസി വിളക്ക് സംഘമാണ്.
കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അയ്യപ്പസ്വാമിക്ക് വേണ്ടി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് അയ്യപ്പൻ വിളക്ക്. ഹൈന്ദവ ആചാരപ്രകാരം, ശബരിമല അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിന്റെ സ്മരണ പുതുക്കുന്ന ചടങ്ങാണിത്. ശാസ്താപ്രീതിക്ക് ഉത്തമമായി കണക്കാക്കപ്പെടുന്ന ഈ ചടങ്ങ് പ്രധാനമായും ശാസ്താവിന്റെ എഴുന്നള്ളത്ത്, വാദ്യമേളങ്ങൾ, വിളക്കാചാരം, പാനകം, എന്നിവയോടെയാണ് നടത്താറുള്ളത്. ദീപാലങ്കാരങ്ങൾക്ക് ഈ ചടങ്ങിൽ വലിയ പ്രാധാന്യമുണ്ട്. ഭക്തിയുടെയും അനുഷ്ഠാനത്തിന്റെയും സമന്വയമാണ് അയ്യപ്പൻ വിളക്ക്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.