ചാലിശ്ശേരി: 2024-ലെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് അജയൻ ചാലിശ്ശേരിക്ക് ജന്മനാട് നൽകുന്ന ആദരത്തിന്റെ ഭാഗമായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
ചാലിശ്ശേരി മിനി അൻസാരി കൺവെൻഷൻ സെന്ററിൽ നടന്ന 'വർണ്ണോത്സവം' പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്തു. കലയും ജീവിതവും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
ചടങ്ങിൽ അജയൻ ചാലിശ്ശേരി പ്രശസ്ത ചിത്രകാരൻ ബസന്ത് പെരിങ്ങോടിന് ക്യാൻവാസ് കൈമാറിയതോടെയാണ് ക്യാമ്പിന് തുടക്കമായത്. ഉദ്ഘാടകനായ പ്രിയനന്ദന് സംഘാടക സമിതി ഉപഹാരം സമർപ്പിച്ചു.
സിനിമയിലൂടെ മനുഷ്യവികാരങ്ങളെ ദൃശ്യവൽക്കരിച്ച അജയൻ ചാലിശ്ശേരിക്ക് ചിത്രകലയുടെ ഭാഷയിലുള്ള ആദരമാണ് ഈ ക്യാമ്പെന്ന് സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ പുന്നക്കൽ പറഞ്ഞു. ഇരുപത്തിരണ്ടോളം പ്രമുഖ കലാകാരന്മാരാണ് ക്യാമ്പിൽ പങ്കെടുത്തത്. കലാകാരന്മാർ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഗ്രാമവാസികൾ അവ സ്വന്തമാക്കിയത് നാടിന്റെ സ്നേഹത്തിന് തെളിവായി. ജന്മനാട് നൽകുന്ന ഈ ആദരവും അംഗീകാരവും ഏറെ സന്തോഷം നൽകുന്ന അനുഭവമാണെന്ന് അജയൻ ചാലിശ്ശേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ പുന്നക്കൽ അധ്യക്ഷനായ ചടങ്ങിൽ കൺവീനർ വി.കെ. സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽകുമാർ പി.ബി, ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, ബാലൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സിനിമയും ചിത്രകലയും സംഗമിച്ച ചടങ്ങ് ചാലിശ്ശേരിക്ക് പുതിയൊരു സാംസ്‌കാരികാനുഭവമായി മാറി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.