കൊട്ടാരക്കര: കൊട്ടാരക്കരയിൽ എം.സി. റോഡിന് കുറുകെ കെ.എസ്.ടി.പി. സ്ഥാപിച്ച ദിശാസൂചക ബോർഡിന്റെ ലോഹപ്പാളി അടർന്നു വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. കുടവട്ടൂർ അനന്ദുവിഹാറിൽ മുരളീധരൻപിള്ള (57) യുടെ കൈപ്പത്തിയാണ് അപകടത്തിൽ അറ്റുപോയത്.
രണ്ടു ദിവസം മുൻപ് പുലമൺ കുന്നക്കരയിൽ വെച്ചാണ് അപകടം സംഭവിച്ചത്. കെ.എസ്.എഫ്.ഇ. കളക്‌ഷൻ ഏജന്റായ മുരളീധരൻപിള്ള മൈലത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു. യാത്രയ്ക്കിടെ ട്രാഫിക് ബോർഡിൽനിന്ന് ലോഹപ്പാളി താഴേക്ക് പതിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം കഴുത്തിൽ വീഴാതിരിക്കാൻ തല വെട്ടിച്ചതാണ് കൈപ്പത്തിയിൽ പരിക്കേൽക്കാൻ കാരണമായത്. കൈപ്പത്തിയിൽ ശക്തമായി പതിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ തെന്നിമറിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. മറ്റ് വാഹനങ്ങൾക്കടിയിൽപ്പെടാതെ മുരളീധരൻപിള്ള അത്ഭുതകരമായി രക്ഷപ്പെട്ടു.
നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ
അപകടത്തിൽ അറ്റുപോകപ്പെട്ട കൈപ്പത്തി തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. ഇരുമ്പുപാളി കഴുത്തിലായിരുന്നു പതിച്ചതെങ്കിൽ മരണം സംഭവിക്കുമായിരുന്നെന്ന് മുരളീധരൻപിള്ള പറയുന്നു. തിരുവനന്തപുരം, കൊല്ലം, പുനലൂർ ഭാഗങ്ങളിലേക്കുള്ള ദിശാസൂചകമായിട്ടാണ് കുന്നക്കരയിൽ റോഡിന് കുറുകെ ഈ വലിയ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
മുന്നറിയിപ്പുകൾ അവഗണിച്ചു
ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പുപാളികൾ ഒന്നര വർഷത്തിനിടെ പല തവണ ഇളകി വീഴുകയും ഇത് മാറ്റി സ്ഥാപിക്കണമെന്ന് പോലീസ് കെ.എസ്.ടി.പിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ബോർഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. എന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല. നിലവിൽ ബോർഡിന്റെ മറ്റ് ഭാഗങ്ങളും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വിവരമറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും പ്രതികരിച്ചില്ലെന്നും നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മുരളീധരൻപിള്ള അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.