കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ വൻ ഭൂചലനം. തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ് ഭൂകമ്പമുണ്ടായത്.
റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. 100 ലധികം പേർക്ക് പരിക്കറ്റതായി അഫ്‌ഗാനിസ്ഥാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഭൂകമ്പത്തിൻ്റെ സാധ്യതയും വ്യാപ്‌തിയും വിലയിരുത്തുന്ന ഓട്ടോമേറ്റഡ് ഉപകരണമായ 'പേയ്‌ജർ സിസ്റ്റം' വഴി അമേരിക്കൻ ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഏകദേശം 523,000 ഓളം ജനസംഖ്യ വരുന്ന മസാർ-ഇ ഷെരീഫ് നഗരത്തിലും അഫ്‌ഗാനിസ്ഥാൻ്റെ വടക്കു പടിഞ്ഞാറൻ, കിഴക്കൻ മേഖലകൾ ഉൾപ്പെടെ നിരവധി പ്രവിശ്യകളിലുമാണ് തീവ്ര ഭൂചലനം രേഖപ്പെടുത്തിയത്. സമംഗൻ പ്രവിശ്യയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചനലമുണ്ടായ പ്രദേശങ്ങളിൽ കനത്ത നഷ്‌ടങ്ങളുണ്ടായിട്ടുണ്ടെന്നും അഫ്‌ഗാനിസ്ഥാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി എക്‌സിൽ കുറിച്ചു.
ഭൂകമ്പം ഉണ്ടായതിനുശേഷം ദുരന്ത നിവാരണ ഉദ്യോഗസ്ഥർ രാത്രിയിൽ തന്നെ എല്ലാ പ്രവിശ്യകളിലെയും ജില്ലാ ഗവർണർമാരുമായി ഏകോപനം നടത്തി രക്ഷാപ്രവർത്തനം കൃത്യമാക്കിയെന്നും കൂട്ടിച്ചേർത്തു.അഫ്‌ഗാനിസ്ഥാനിൽ തിങ്കളാഴ്‌ച രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം 23 കിലോമീറ്റർ താഴ്‌ചയിൽ നിന്നാണെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി പറയുന്നു.
വടക്കൻ അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളായ തജിക്കസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.2025 സെപ്‌റ്റംബറിൽ അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയിൽ റിക്‌ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. 1400 ലധികം പേർ മരിക്കുകയും 3000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കുനാർ പ്രവിശ്യയിലാണ് അപകട നിരക്ക് ഏറ്റവും അധികം റിപ്പോർട്ട് ചെയ്‌തത്.
പാക് അതിർത്തിയ്‌ക്കടുത്തുള്ള നംഗർഹാർ പ്രവിശ്യയിലെ കാമ ജില്ലയിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്‌സ് (യുഎൻഒസിഎച്ച്എ) അറിയിച്ചിരുന്നു. 2023-ൽ ഇറാനിയൻ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ ഹെറാത്തിലും 2022-ൽ കിഴക്കൻ നൻഗർഹാർ പ്രവിശ്യയിലും ഉണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങൾ നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമാവുകയും നിരവധി നാശനഷ്‌ടങ്ങൾക്ക് കാരണമാകുകയും ചെയ്‌തിരുന്നു.
അഫ്‌ഗാനിസ്ഥാൻ ഭൂകമ്പ സാധ്യതയുള്ള മേഖലയായാണ് പൊതുവിൽ കണക്കാക്കുന്നത്. ഹിന്ദുകുഷ് പർവ്വത നിരയ്ക്ക് ഇടയിലാണ് ഭൂകമ്പങ്ങൾ അനുഭവപ്പെടാറുള്ളത്. യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന സ്ഥലത്തിനടുത്താണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പതിറ്റാണ്ടുകളായി നീണ്ടുനിന്ന യുദ്ധത്താൽ തകർന്ന രാജ്യത്തെ പല നിർമിതികളും കാലഹരണപ്പെട്ടതാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.