തിരുവനന്തപുരം; ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുൻ വക്താവ് എം.എസ്.കുമാർ. ആത്മഹത്യ ചെയ്ത കൗൺസിലർ അനിലിന്റെ അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് എം.എസ്.കുമാർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.
താൻ ഉൾപ്പെട്ട സഹകരണ സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും ബിജെപിക്കാരാണ്. തിരിച്ചടയ്ക്കാത്തവരിൽ 90% പേരും അതേ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾവരെയുണ്ട്. തിരിച്ചടയ്ക്കാത്തവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും എം.എസ്.കുമാർ പറഞ്ഞു. വായ്പ എടുത്തവർ തിരിച്ചടവ് മുടക്കിയതിനെ തുടർന്നാണ് സഹകരണ സംഘം പ്രസിഡന്റായിരുന്ന അനിൽ ആത്മഹത്യ ചെയ്തത്.പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ:
‘ആത്മഹത്യ ചെയ്ത അനിലിന്റെ സാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിൽ ഇടപെടുന്നത്. പെട്ടെന്നാണ് കേരളത്തിൽ സഹകരണരംഗം തകർന്നടിഞ്ഞത്. കരുവന്നൂർ, കണ്ടല, ബിഎസ്എൻഎൽ തുടങ്ങിയ സംഘങ്ങളിലെ വാർത്തകൾ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരാതെയായി.
ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലർ പൊടിപ്പും തൊങ്ങലും വച്ചു വാർത്ത കൊടുത്തതോടെ സംഘം തകർന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി. നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാൻ കൂടെ നിൽക്കും എന്നു പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറിനിൽക്കുന്ന സ്ഥിതി വന്നതുകൊണ്ടാകാം പാവം അനിലിന് സ്വന്തം മക്കളെവരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്.
കാശ് കൊടുത്തു സഹായിക്കേണ്ട. പക്ഷേ, വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു. അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.വളരെ ആലോചിച്ച ശേഷമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.
ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% പേരും അതേ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ (സെൽ കൺവീനർമാർ ഉൾപ്പെടെ) ഉണ്ട്. മറ്റു പാർട്ടികളിൽ നിന്നു നമ്മുടെ സഹയാത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്.അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ടാണ് അവരുടെയെല്ലാം പേരുകളും അവരടയ്ക്കേണ്ട തുകയും എല്ലാം എഫ്ബിയിലൂടെ വെളിപ്പെടുത്താൻ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ് ഈ പേരുകൾ വെളിപ്പെടുത്തി കൊണ്ടുള്ള താകും’’.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.