കോഴിക്കോട് ;തദ്ദേശപ്പോരിന്റെ പടയൊരുക്കത്തിൽ കേരളത്തിലെ രാഷട്രീയ കക്ഷി നേതൃത്വങ്ങൾ തലപുകയ്ക്കുന്നതിനിടെ കോഴിക്കോട് കോർപറേഷനിൽ അരയും തലയും മുറുക്കി കളംപിടിക്കാൻ ലക്ഷ്യമിട്ട് പ്രധാന മുന്നണികൾ.
നാലര പതിറ്റാണ്ടായി കോർപറേഷന്റെ തലപ്പത്തുളള ഇടതുമുന്നണി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി അരനൂറ്റാണ്ടിന്റെ ചരിത്രം കുറിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. അതേസമയം, പതിവുകൾ തെറ്റിച്ചുള്ള ജനവിധിയാകും ഇത്തവണയെന്നും കോർപറേഷനിൽ അട്ടിമറി ജയം നേടാനാകുമെന്നും പാർട്ടിതലത്തിൽ നടത്തിയ സർവേഫലങ്ങളുടെ ആധികാരികതയിൽ യുഡിഎഫ് നേതൃത്വം പറയുന്നു. സർപ്രൈസ് സ്ഥാനാർഥികൾ രംഗത്തുവരുമെന്നും തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുമെന്നുമാണ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അവകാശപ്പെടുന്നത്.2020 ലെ തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും വിജയികൾക്ക് പിന്നിൽ അഞ്ഞൂറിൽ താഴെ മാത്രമായിരുന്ന മാർജിൻ മറികടക്കാനായാൽ അപ്രതീക്ഷിത മുന്നേറ്റത്തോടെ കളം നിറയാനാകുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും നിലയുറപ്പിക്കുന്നതോടെ പല വാർഡുകളിലും ത്രികോണപ്പോരാട്ടത്തിനാണ് കോഴിക്കോട്ട് അരങ്ങുണരുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 49, യുഡിഎഫ് 14, ബിജെപി 7, സ്വതന്ത്രർ – 5 എന്നിങ്ങനെയായിരുന്നു 75 സീറ്റുള്ള കോഴിക്കോട് കോർപറേഷനിലെ സീറ്റുനില. വാർഡ് പുനർനിർണയത്തിന്റെ ഭാഗമായി ഇത്തവണ കോഴിക്കോട് 76 സീറ്റിലേക്കാണ് മൽസരം.
കരട് വാർഡ് വിഭജന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങൾ തീർപ്പാക്കിയ ശേഷമാണ് കോർപറേഷനിലെ വാർഡ് വിഭജനം പൂർത്തിയാക്കി അതിരുകളും വോട്ടർ പട്ടികയും അന്തിമമാക്കിയത്. പുതിയ പട്ടികയിൽ 56–ാം നമ്പർ കപ്പക്കൽ വാർഡിന്റെ പേര് നദീനഗർ എന്നായി. 31–ാം നമ്പർ വാർഡ് ആയി മേത്തോട്ടുതാഴം വന്നു. പൊറ്റമ്മൽ, കുറ്റിയിൽതാഴം വാർഡുകളിലെ സ്ഥലങ്ങൾ ഉൾപ്പെട്ടതാണ് പുതിയ പേരിലുള്ള ഈ വാർഡ്. 49–ാം നമ്പർ മാറാട് വാർഡിന്റെ പേര് സാഗരസരണി എന്നായി. പഴയ 61–ാം നമ്പർ വലിയങ്ങാടി വാർഡ് അപ്രത്യക്ഷമായി. ഈ വാർഡിലെ സ്ഥലങ്ങൾ കുറ്റിച്ചിറ, പാളയം, മൂന്നാലിങ്ങൽ എന്നീ മൂന്നു വാർഡുകളിലേക്കാണ് ചേർത്തത്.മാവൂർ റോഡ് എന്ന പേരിലുള്ള പുതിയ വാർഡിൽ പഴയ തിരുത്തിയാട്, എരഞ്ഞിപ്പാലം വാർഡുകളിലെ സ്ഥലങ്ങളാണ് ഉൾപ്പെടുന്നത്.പരിചയസമ്പന്നർക്കൊപ്പം പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്ന പട്ടികയാണ് ഇടതുമുന്നണി അണിയറയിൽ തയാറാക്കുന്നതെന്നാണ് വിവരം. മേയർ സ്ഥാനാർഥിയായി നിലവിലെ ഡപ്യൂട്ടി മേയറും സിപിഎം നേതാവുമായ സി.പി.മുസാഫർ അഹമ്മദിന്റെ പേരിനാണ് മുൻതൂക്കം. സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ മുൻ എംഎൽഎ എ.പ്രദീപ് കുമാറിന്റെ മകൾ അമിത പ്രദീപ് ഇത്തവണ മൽസരരംഗത്തെത്തുമെന്നാണ് ഇടതുകേന്ദ്രങ്ങൾ നൽകുന്ന സൂചന. കോർപറേഷനിൽ അധികാര തുടർച്ചയുണ്ടായാൽ അമിതയെ ഡപ്യൂട്ടി മേയറാക്കാനാണ് നീക്കം.
നിലവിലെ മേയർ ബീന ഫിലിപ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന നിലപാട് ആവർത്തിച്ചു. മുസാഫർ അഹമ്മദ് കഴിഞ്ഞ തവണ മൽസരിച്ച കപ്പക്കൽ വാർഡിൽ നിന്നോ അതുമല്ലെങ്കിൽ കോട്ടൂളി വാർഡിൽ നിന്നോ ആകും മത്സരിക്കുക. ബീച്ച് നവീകരണം, കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് നഗരത്തിലെ റോഡ് വികസനപദ്ധതികൾ എന്നിവ തുടങ്ങി യുനെസ്കോയുടെ സാഹിത്യനഗര പദവി വരെ വികസനത്തിന്റെ പിന്നിട്ട വർഷങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവതരിപ്പിക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്..കോൺഗ്രസ് – 50, മുസ്‌ലിം ലീഗ് – 25, സിഎംപി – ഒന്ന് എന്നിങ്ങനെ മൊത്തം 76 സീറ്റ് ഭാഗം വച്ചാണ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സര ധാരണയായത്. ചില സർപ്രൈസ് സ്ഥാനാർഥികൾക്കൊപ്പം പ്രവർത്തന പരിചയം, ജനകീയത തുടങ്ങിയ മാനദണ്ഡങ്ങളിൽ പുതുമുഖങ്ങളെയും യുഡിഎഫ് രംഗത്തിറക്കും.
കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് ചുമതലയുളള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് അന്തിമ പട്ടികയ്ക്ക് രൂപമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത ശബ്ദം ഉണ്ടാകരുതെന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ കർശന നിർദേശം ഉൾക്കൊണ്ടാണ് ഇത്തവണ യുഡിഎഫിലെ പ്രധാന മുന്നണിയായ കോൺഗ്രസിലെ മുന്നൊരുക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമാക്കി ഒറ്റക്കെട്ടായി മുന്നേറി യുഡിഎഫ് സ്ഥാനാർഥികളുടെ മികച്ച വിജയം ഉറപ്പാക്കണം എന്ന നിർദേശമാണ് ഇതിനകം കോഴിക്കോട് നഗരസഭയിൽ നടത്തിയ ചില വാർഡ്തലയോഗങ്ങളിൽ ദീപദാസ് മുൻഷി നൽകിയത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിലും കോഴിക്കോട് കോർപറേഷനിലെ തിരഞ്ഞെടുത്ത വാർഡുകളിലുമാണ് ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിൽ വാർഡ്തല യോഗങ്ങൾ നടന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.