തിരുവനന്തപുരം: കൊലപാതകക്കേസിൽ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനമേറ്റുവാങ്ങിയ തിരുവനന്തപുരം റൂറൽ പോലീസിന്റെ ട്രാക്കർ ഡോഗ് ജെറി വിടവാങ്ങി. രണ്ടര വർഷം മുൻപ് വിരമിച്ചശേഷം മുൻ പരിശീലകൻ വിഷ്ണുശങ്കറിനൊപ്പമായിരുന്നു ജെറി.
അർബുദത്തെത്തുടർന്നായിരുന്നു അന്ത്യം. ഒന്നര വർഷം മുൻപാണ് രോഗം തിരിച്ചറിഞ്ഞത്. കന്യാകുളങ്ങര മീനാറിലെ വിഷ്ണുശങ്കറിന്റെ വീട്ടിൽ ചികിത്സയിലായിരുന്നു.തിരുവനന്തപുരം റൂറൽ പൊലീസ് ശ്വാനസേനാ വിഭാഗത്തിലെ ലാബ്രഡോർ നായയായിരുന്നു ജെറി. 2015-ൽ ട്രാക്കർ ഡോഗായി വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിൽ എത്തുകയായിരുന്നു. 30 ഗുഡ് സർവീസ് എൻട്രികളും ഡിജിപിയുടെ മൂന്ന് എക്സലൻസ് പുരസ്കാരവും നേടിയിട്ടുണ്ട്.കടയ്ക്കാവൂരിൽ ശാരദ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണികണ്‌ഠനെ മണംപിടിച്ച് കണ്ടെത്തിയ മികവിനാണ് കോടതിയിൽനിന്ന് ജെറിക്ക് അഭിനന്ദനം ലഭിച്ചത്. ഡോഗ് സ്ക്വാഡിലെ നായയെ കോടതി പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നത് അപൂർവമാണ്. പാലോട് കൃഷ്ണനാശാരി കൊലക്കേസിൽ തോർത്തിൽനിന്ന് മണം പിടിച്ചാണ് ജെറി പ്രതിയെ കണ്ടെത്തിയത്. സംഭവസ്‌ഥലത്തുനിന്ന് 600 മീറ്റർ ദൂരം ഓടി ജെറി പ്രതിയുടെ വീട്ടിലെത്തി.
വർക്കലയിൽ ശ്രീനാരായണ ഗുരുമന്ദിരം തകർത്ത കേസ്, കിളിമാനൂരിൽ കട കത്തിച്ച കേസ് മുതലായവയിലും പ്രതികളെ കണ്ടെത്താൻ ജെറി പോലീസിനെ സഹായിച്ചു. വിരമിക്കുന്ന നായ്ക്കളെ തൃശൂരിലെ വിശ്രാന്തി വിശ്രമ കേന്ദ്രത്തിലേക്കാണ് അയയ്ക്കാറുള്ളത്. എന്നാൽ, ജനിച്ച് മൂന്നാംമാസം മുതൽ കൂടെയുണ്ടായിരുന്ന ജെറിയെ നൽകാൻ അനുവദിക്കണമെന്ന വിഷ്ണുശങ്കറിന്റെ അപേക്ഷ അംഗീകരിച്ചാണ് അദ്ദേഹത്തിനൊപ്പം വിട്ടത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.