കൊച്ചി ;നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. തായ്‍ലൻഡിൽ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടികൂടിയത്.
ഇതിന് 6.4 കോടി രൂപ വില വരും. കഞ്ചാവ് എത്തിച്ച വയനാട് സ്വദേശി അബ്ദുൾ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ വർഷം മാത്രം വിമാനത്താവളത്തിൽ പിടികൂടിയത് 107 കോടി രൂപയുടെ ലഹരി മരുന്നാണ്.തായ്‍ലൻഡിലെ ബാങ്കോക്കിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് ശേഖരിച്ച് വിയറ്റ്നാം വഴിയാണ് അബ്ദുൾ സമദ് കൊച്ചിയിലെത്തിയത്. ലഗേജ് പരിശോധിച്ച കസ്റ്റംസ്, മറ്റു വസ്തുക്കൾക്കിടയില്‍ ഒളിപ്പിച്ച നിലയിൽ ഇത് കണ്ടെടുക്കുകയായിരുന്നു.
ആർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് പറഞ്ഞു. തായ്‍ലൻഡില്‍ നിന്നെത്തിച്ച 4.1 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കാപ്പ കേസ് പ്രതിയായ ഇരിങ്ങാലക്കുട സ്വദേശി സെബി ഷാജുവിനെ ഓഗസ്റ്റിൽ കസ്റ്റംസ് പിടികൂടിയിരുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നു ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്ൻ അടക്കമുള്ള രാസലഹരികളും വ്യാപകമായി ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇതിന്റെ പ്രധാന കടത്തു കേന്ദ്രങ്ങളിലൊന്നായാണ് ലഹരിസംഘം കൊച്ചിയെ കണക്കാക്കുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിലും തെക്കുകിഴക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തിച്ച ലഹരി കൊച്ചിയിൽ പിടികൂടിയിരുന്നു.ജൂലൈയിൽ നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് 17 കോടി രൂപയുടെ 163 കൊക്കെയ്ൻ ഗുളികകളാണ്.ഏപ്രിലിൽ ബാങ്കോക്കിൽ നിന്നു കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശി തുളസിയിൽ നിന്നു പിടിച്ചെടുത്തത് 1.19 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ്. ഏപ്രിലിൽ തന്നെ തായ്‍ലൻഡിൽ നിന്ന് എത്തിച്ച 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു കൊച്ചിയിൽ പിടിയിലായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിൽ ചെക്ക് ഇൻ ബാഗേജിലായിരുന്നു ഇത് ഒളിപ്പിച്ചിരുന്നത്.
ജയ്പൂർ സ്വദേശിയും മോഡലുമായ മാൻവി ചൗധരി, മെയ്ക്ക്അപ് ആർട്ടിസ്റ്റും ഡൽഹി സ്വദേശിനിയുമായ ചിബ്ബെത് സ്വാന്ദി എന്നിവരെ മാർച്ചിൽ കൊച്ചി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്ന് 15 കിലോഗ്രാം കഞ്ചാവുമായി വരുമ്പോഴായിരുന്നു ഇവർ പിടിയിലായത്. മേക്കപ് സാധനങ്ങളെന്ന വ്യാജേനയായിരുന്നു കടത്ത്. അതേ മാസം തന്നെ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളിൽ നിന്ന് ഒന്നര കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.