തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതിയധിക്ഷേപമെന്ന് പരാതി. സംസ്കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിയാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ ജാതി അധിക്ഷേപം നടത്തിയത്.
എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു.സംഭവത്തില്‍ വൈസ്ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്.'എനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തി. സുഹൃത്തുക്കള്‍ക്ക് മുന്നില്‍വെച്ച് മാനസികമായി നാണം കെടുത്തി. ഓപ്പണ്‍ ഡിഫന്‍സില്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കി. എംഫില്‍ പഠിക്കുമ്പോള്‍ തന്നെ പട്ടികജാതിയില്‍പ്പെട്ടയാളെന്ന വേര്‍തിരിവ് കാണിച്ചിരുന്നു. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്കൃതം എന്ന് പറഞ്ഞ് അധിക്ഷേപിച്ചു.
താഴ്ന്ന ജാതിക്കാര്‍ സംസ്കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്ന് പറഞ്ഞു. മറ്റ് പല കുട്ടികള്‍ക്കും ഇതേ അനുഭവം ഉണ്ടായി. പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിച്ചു. എതിര്‍ത്താല്‍ ഒന്നുമില്ലാത്ത അവസ്ഥയിലാകും. പിഎച്ച്ഡി നല്‍കില്ല, അര്‍ഹതയില്ലെന്ന് പറഞ്ഞു. മാനസികമായി തളര്‍ന്നു. നിയമപരമായി മുന്നോട്ട് പോകും', വിപിന്‍ വിജയന് പറഞ്ഞു.അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയാണ് അധ്യാപിക വിജയകുമാരി. അക്കാദമികമായ കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും സര്‍വകലാശാലയുടെ വിനീതവിധേയയാണെന്നും വിജയകുമാരി പ്രതികരിച്ചു. കുട്ടികളുടെ നന്മയാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജാതിയധിക്ഷേപത്തെ കുറിച്ച് വിജയകുമാരി കാര്യമായി പ്രതികരിച്ചില്ല.
'ജാതിയധിക്ഷേപം ഒരു തരത്തിലും ബാധിക്കില്ല. ആ വിഷയത്തിലേക്ക് ഞാന്‍ വരുന്നില്ല. ഞാന്‍ പൂണൂലിട്ട വര്‍ഗത്തില്‍പ്പെട്ടത് ആഗ്രഹിച്ചത് കൊണ്ടല്ല. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറാവുന്ന കാലമാണ്. ഈ വിവാദമായ വിഷയത്തിലേക്ക് ഒരു ശതമാനം പോലും വ്യാകുലതപ്പെടില്ല.
പോരായ്മ എവിടെ കണ്ടാലും ആരെന്ന് നോക്കാതെ ഡീന്‍ എന്ന നിലയില്‍ പറയും. ജാതിയധിക്ഷേപം നടത്തിയെന്ന ആരോപണം ഒരു വിഷയമേ അല്ല. ആ വിഷയത്തില്‍ ഇടപെടില്ല. സര്‍വകലാശാല എന്ത് നടപടിയെടുത്താലും അംഗീകരിക്കും. കാലം തെളിയിക്കട്ടെ. ജാതിയധിക്ഷേപ പരാതിയില്‍ ഒന്നും പറയാനില്ല. ഞാന്‍ ധര്‍മപക്ഷത്ത് നില്‍ക്കുന്നയാളാണ്', അധ്യാപിക പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.