ന്യൂഡൽഹി: ഹരിയാണയിലെ തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്ത സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബ്രസീലിയൻ മോഡൽ ലാരിസ.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പോർച്ചുഗീസ് ഭാഷയിലാണ് ലാരിസയുടെ പ്രതികരണം. ഇന്ത്യയിൽ വോട്ടിനായി അവർ തന്റെ ചിത്രം ഉപയോഗിക്കുകയാണെന്നും ഇത് ഭീകരമാണെന്നും ലാരിസ വീഡിയോയിൽ പറയുന്നു.‘സുഹൃത്തുക്കളെ, ഒരു ഭീകര തമാശ പറയാം. ഇന്ത്യയിൽ വോട്ടിനായി എന്‍റെ ചിത്രം അവർ ഉപയോഗിക്കുന്നു. അതെന്റെ ഒരു പഴയ ഫോട്ടോ ആണ്. അവർ പരസ്പരം പോരടിക്കാൻ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. എന്ത് ഭ്രാന്താണിത്?’, ലാരിസ വീഡിയോയിൽ പറയുന്നു.
'രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളിൽ ഉള്ളത് തന്റെ പഴയ ചിത്രമാണ്. ഇന്ത്യൻ രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല. ഇപ്പോൾ ഞാൻ മോഡൽ അല്ല. ബ്രസീലിയൻ ഡിജിറ്റൽ ഇൻഫ്ലുവൻസറാണ്. ഇന്ത്യക്കാരെ ഞാൻ സ്നേഹിക്കുന്നു', ലാരിസ വീഡിയോയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ലാരിസ പറഞ്ഞു. ഇന്ത്യക്കാരെ എന്റെ ഇൻസ്റ്റഗ്രാമില്ലോട്ട് സ്വാഗതം ചെയ്യുന്നു.
നിരവധി ഇന്ത്യക്കാരെയാണ് എനിക്ക് ഫോളോവേഴ്സ് ആയി ലഭിച്ചിരിക്കുന്നത്. നിരവധി പേർ തന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്, ലാരിസ കൂട്ടിച്ചേർത്തു. നിരവധി മാധ്യമപ്രവർത്തകർ തന്നെ സമീപിക്കുന്നുണ്ടെന്നും എന്നാൽ തനിക്ക് ഭാഷ പ്രശ്നമാണെന്നും അവർ പറഞ്ഞു. നമസ്തേ എന്ന വാക്ക് മാത്രമേ എനിക്ക് അറിയൂ. മറ്റുള്ള ഒരുവാക്കും തനിക്ക് അറിയില്ല. കുറച്ചൊക്കെ പഠിച്ചുവരുന്നു. അടുത്ത വീഡിയോയിൽ അത് ഉൾപ്പെടുത്താം. ഇന്ത്യയിൽ വൈകാതെ തന്നെ താൻ പ്രസിദ്ധയാകുമെന്നും അവർ വീഡിയോയിൽ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേർന്ന് ഹരിയാണയിൽ വലിയ വോട്ട് കൊള്ള നടത്തിയെന്ന ഗുരുതര ആരോപണവുമായാണ് കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കോൺഗ്രസിന്റെ വൻവിജയം തടയാൻ ബ്രസീലിയൻ മോഡലിന്റെ ചിത്രമടക്കം വോട്ടർപട്ടികയിൽപ്പെടുത്തിയുള്ള ‘ഓപ്പറേഷൻ സർക്കാർ ചോരി’യാണ് ഹരിയാണയിൽ നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ കേന്ദ്രീകൃതകവർച്ചയുടെ ഭാഗമായെന്നും രാഹുൽ ആരോപിച്ചു. എച്ച് ഫയൽസ് എന്നുപേരിട്ട് പുറത്തുവിട്ട തെളിവുകളും ദൃശ്യങ്ങളും ഡൽഹി കോൺഗ്രസ് ആസ്ഥാനത്തെ പത്രസമ്മേളനത്തിൽ രാഹുൽ പുറത്തുവിട്ടിരുന്നു.
ഹരിയാണയിൽ രണ്ടുകോടി വോട്ടുള്ളതിൽ 25.41 ലക്ഷം വ്യാജവോട്ടാണ്. ഭൂരിഭാഗവും കോൺഗ്രസുകാരടങ്ങുന്ന 3.5 ലക്ഷം യഥാർഥ വോട്ട് ഒഴിവാക്കി. കോൺഗ്രസ് തോറ്റ എട്ടുമണ്ഡലങ്ങളിൽ ആകെ വോട്ടുവ്യത്യാസം 22,729 മാത്രമാണ്. കോൺഗ്രസിന് ലഭിച്ചത് 53.31 ലക്ഷം വോട്ടും (37 സീറ്റ്) ബിജെപിക്ക് 55.49 ലക്ഷവും (48 സീറ്റ്). 62 സീറ്റുവരെ നേടി കോൺഗ്രസ് ജയിക്കുമെന്ന് അഞ്ച് എക്സിറ്റ് പോളുകൾ പ്രവചിച്ചു. തപാൽ വോട്ടുകളിൽ കോൺഗ്രസിന് 73-ഉം ബിജെപിക്ക് 17-ഉം മണ്ഡലങ്ങൾ ലഭിച്ചിട്ടും പരാജയപ്പെട്ടത് ഈ ക്രമക്കേടുകൊണ്ടാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇത് തിരിച്ചറിയാതിരിക്കാനാണ് കമ്മിഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും രാഹുൽ ആരോപിച്ചു.
ലാരിസയുടെ ചിത്രം സ്ക്രീനിൽ കാട്ടി ഈ വനിത ആരാണെന്ന് രാഹുൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു. അവർക്കെത്ര വയസ്സുണ്ട്? എവിടെനിന്ന് വരുന്നു? അവരുടെ പേരെന്താണ്? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച രാഹുൽ ഉത്തരം നൽകുന്നവർക്ക് സമ്മാനം വാഗ്ദാനംചെയ്തു. ബൂത്തുതലത്തിലല്ല, കേന്ദ്രീകൃതമായാണ് ഇവരെ ചേർത്തതെന്നാരോപിച്ച രാഹുൽ, ഫോട്ടോഗ്രാഫർ മാത്യൂസ് ഫെറോ പങ്കുവെച്ച ബ്രസീലിയൻ മോഡലിന്റെ ചിത്രമാണിതെന്ന് ഗൂഗിൾ ലെൻസ് ഉപയോഗിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.