കൊച്ചി ;കോർപറേഷന്‍ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മറുകണ്ടം ചാടിയും കൂടുവിട്ട് കൂറുമാറിയും സ്ഥാനാർഥികൾ.
ഇതിന് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നോ വ്യത്യാസമില്ല. കോൺഗ്രസ് ഇന്ന് പകുതിയോളം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ സിപിഎമ്മും ഇന്ന് സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടേക്കും. കോർ കമ്മിറ്റി യോഗം ഇന്ന് നടത്തി നാളെ പട്ടിക പുറത്തുവിടാനിരിക്കയാണ് ബിജെപി. സ്ഥാനാർഥി നിർണയത്തിൽ എല്ലാവരും ഒന്നു ചവിട്ടിപ്പിടിക്കുന്നത് മറുകണ്ടം ചാടിവരുന്നവർക്കു വേണ്ടിയാണെന്നു മാത്രം.തങ്ങൾക്ക് വലിയ സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ സ്വന്തം നിലയിൽ അത്യാവശ്യം ജനപിന്തുണയുള്ളവരെയാണ് പാർട്ടികളൊക്കെ ലക്ഷ്യം വച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ചില മറുകണ്ടം ചാടലുകൾ നടന്നിരുന്നു. അതിന്റെ ബാക്കിയായിരിക്കും ഇന്നും നാളെയും തുടരുക എന്നാണ് വിവരം. നിലവിൽ യുഡിഎഫ് സഖ്യകക്ഷിയായ ആർഎസ്പിയുടെ കൗൺസിലർ സുനിത ഡിക്സണാണ് കൂടുവിട്ട് കൂറുമാറ്റം നടത്തിയവരിൽ ഒരാൾ.ബിജെപിയിലേക്കാണ് സുനിതയുടെ പോക്ക്. പൊന്നുരുന്നി ഈസ്റ്റിൽ എൻഡിഎ സ്ഥാനാർഥിയായി സുനിത മത്സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു ബിജെപി നടത്തിയ സുസ്ഥിര വികസനയിലെ പദയാത്രാ ക്യാപ്റ്റനെ ഷാളിട്ടു സ്വീകരിച്ചതു സുനിതയായിരുന്നു. പിന്നാലെയായിരുന്നു ബിജെപിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കൽ. യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് തങ്ങൾക്ക് ലഭിച്ച 3 സീറ്റിൽ രണ്ടെണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും വൈറ്റില സീറ്റിൽ തീരുമാനം പിന്നീട് എന്നു പറയുന്നതിനു പിന്നിലുള്ളതും കൂടുമാറ്റം തന്നെയെന്നാണ് സൂചനകൾ.
സിപിഎം മുൻ കൗൺസിലറും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായിരുന്ന വി.പി.ചന്ദ്രനായിരിക്കും കേരള കോൺഗ്രസിലൂടെ യുഡിഎഫ് സ്ഥാനാർഥിയാവുക എന്നാണ് വിവരം. നിലവിൽ സിപിഎമ്മിൽ നിന്ന് സസ്പെൻഷനിലാണ് ചന്ദ്രൻ. എതിരാളിയും മിക്കവാറും മറുകണ്ടം ചാടിവരുന്ന ആളു തന്നെയായിരിക്കാനാണ് സാധ്യത. മുൻ കോൺഗ്രസ് കൗൺസിലറും ജിസിഡിഎ നിർവാഹക സമിതി അംഗവുമായിരുന്ന എ.ബി.സാബു എൽഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്താണ് സാബു എൽഡിഎഫിനൊപ്പമെത്തിയത്.പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ തോപ്പുംപടി കൗൺസിലർ ഷീബ ഡുറോം ഇത്തവണ എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കാൻ സാധ്യതയുണ്ട്. കൊച്ചി കോർപറേഷൻ പിടിക്കാൻ എൽഡിഎഫിന് പ്രധാന പിന്തുണ നൽകിയ ലീഗ് വിമതനും ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷനുമായ ടി.കെ.അഷ്റഫ് തിരിച്ച് ലീഗിലേക്ക് തന്നെ പോകുന്നു എന്നതാണ് മറ്റൊരു മാറ്റം. കഴിഞ്ഞ തവണ പശ്ചിമകൊച്ചിയിലെ കൽവത്തിയില്‍ നിന്ന് കൗൺസിലറായ അഷ്റഫ് ഇത്തവണ കലൂർ നോർത്തിൽ നിന്നായിരിക്കും മത്സരിക്കുക.
അഷ്റഫിന് എതിരാളിയായി എൽഡിഎഫ് രംഗത്തിറക്കുക മുൻ ലീഗ് നേതാവ് പി.എം. ഹാരിസിനെ ആവാനാണ് സാധ്യത. യുഡിഎഫ് വിമതനായി വിജയിച്ച ജെ.സനിൽമോനും എൽഡിഎഫിന് ഭരണം പിടിക്കാൻ സഹായിച്ചവരിലൊരാളാണ്. എന്നാൽ സനിൽ മോൻ വിജയിച്ച പനയപ്പിള്ളി ഇത്തവണ വനിതാ വാർഡാണ്. ഇത്തവണ കോൺഗ്രസിനൊപ്പമാണ് സനിൽമോൻ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.