കല്പറ്റ: ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസികമായി പോലീസ് പിടികൂടി.
ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ഡൽഹി പോലീസിന്റെ സഹായത്തോടെ സൗത്ത് ന്യൂഡൽഹി കാൺപുരിലെ രാജുപാർക്ക് എന്ന സ്ഥലത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. 26-ന് പുലർച്ചെയാണ് ഇയാൾ പിടിയിലായത്.തിരുനെല്ലി സ്റ്റേഷനിലെ ലഹരിക്കേസിൽ റിമാൻഡിൽ കഴിയവേ കോടതിയിൽ വിവാഹാവശ്യത്തിനെന്ന വ്യാജേന ജാമ്യാപേക്ഷ സമർപ്പിച്ച് 10 ദിവസത്തെ ജാമ്യത്തിലിറങ്ങിയശേഷം രവീഷ് കുമാർ ഒളിവിൽപ്പോവുകയായിരുന്നു.തുടർന്ന് വയനാട് സൈബർ സെല്ലും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മാസങ്ങളോളം നിരീക്ഷിച്ചശേഷമാണ് വലയിലാക്കിയത്. 2024 ജൂലായിൽ 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസർകോട് പുല്ലൂർ പാറപ്പള്ളിവീട്ടിൽ കെ. മുഹമ്മദ് സാബിറി(31)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് സാബിറിനു ലഹരി കൈമാറിയ രവീഷിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ഇയാളുടെ നീക്കങ്ങൾ പോലീസ് ആറുമാസത്തോളം നിരീക്ഷിച്ചു. തുടർന്ന് 2025 ഫെബ്രുവരിയിൽ ബെംഗളൂരുവിൽനിന്ന് പിടിയിലായ രവീഷ് കുമാർ റിമാൻഡിലായി. തുടർന്നാണ് ജാമ്യമെടുത്ത് ഒളിവിൽപ്പോയത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ രവീഷ് കുമാർ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രവീഷ് കുമാർ ഡൽഹിയിലേക്ക് കടന്നതായി മനസ്സിലാക്കിയതോടെ ഖാൻപുരിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ പ്രത്യേക അന്വേഷണസംഘം ഷാഡോനിരീക്ഷണം തുടർന്നു.രഹസ്യാന്വേഷണം നടത്തി താമസസ്ഥലം കണ്ടെത്തി. ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് പ്രദേശം വളഞ്ഞെന്ന് മനസ്സിലാക്കിയ രവീഷ് കുമാർ റെസിഡൻഷ്യൽ ഏരിയയിലെ കെട്ടിടങ്ങൾക്ക് മുകളിലൂടെ ഓടി. പിന്നാലെ ഓടിയ പോലീസ് അതിസാഹസികമായാണ് ഇയാളെ കീഴ്പെടുത്തിയത്. പണംസമ്പാദിക്കാൻ ജോലി ഉപേക്ഷിച്ചു സോഫ്റ്റ്‌വേർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന രവീഷ് കുമാർ പണം സമ്പാദിക്കാൻ എൻജിനിയർ ജോലി ഉപേക്ഷിച്ച് ലഹരിക്കടത്തുകാരൻ ആവുകയായിരുന്നു. സുഹൃത്തുക്കളുമായി ചേർന്നാണ് ലഹരിക്കടത്ത് തുടങ്ങിയത്. കർണാടകയിലും വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമായി വ്യാപകമായി ലഹരിക്കടത്തിലേർപ്പെട്ടു.
ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലുള്ള പ്രവീണ്യവും വാക്ചാതുര്യവും കൊണ്ട് ലഹരിക്കടത്തിലെ ഇടനിലക്കാരിൽ വളരെപ്പെട്ടെന്ന് പ്രധാനിയായി രവീഷ് മാറി. ലഹരിസംഘങ്ങൾക്കിടയിൽ ഡ്രോപ്പെഷ്, ഒറ്റൻ എന്നീ പേരുകളിൽ രവീഷ് അറിയപ്പെട്ടുതുടങ്ങി. ഇയാളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരും ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.
ലഹരിക്കെതിരേയും ലഹരിക്കടത്തുകാർക്കെതിരേയും ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു. കഴിഞ്ഞ 20-ന് ബത്തേരി മന്തേട്ടിക്കുന്നിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 21.48 ഗ്രാം, 22-ന് പുലർച്ചെ നടത്തിയ വാഹനപരിശോധനയിൽ ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 245 ഗ്രാം, മുത്തങ്ങ ചെക്പോസ്റ്റിൽ വിൽപ്പനയ്ക്കായി കാറിൽ കടത്തുകയായിരുന്ന 95.93 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.