തിരുവഞ്ചൂർ; ‘എന്റെ തലയിൽ 8 ആണികൾ വച്ച് മുടികൊണ്ടു ചുറ്റിവരിഞ്ഞു. ദേഹത്തു കയറിയ 8 ദുരാത്മാക്കളെ പുറത്തു കൊണ്ടുവരാനാണ് അങ്ങനെ ചെയ്യുന്നതെന്നാണു പറഞ്ഞത്.
മന്ത്രങ്ങൾ ചൊല്ലിയതിനുശേഷം ആ ആണികൾ വലിച്ചു പറിച്ചു. ആ ദിവസം എനിക്കൊന്നും കഴിക്കാൻ തന്നില്ല. അതിനാലാകാം ബോധക്ഷയമുണ്ടായി. എന്നാൽ, ആണികൾക്കൊപ്പം മുടി പറിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു. പറിഞ്ഞു പോരാതിരുന്ന ആണികൾക്കായി മുടി മുറിച്ചു. ഇതിനിടയിൽ കത്തിച്ച ബീഡി നെറ്റിയിൽ പലതവണ കുത്തി. ഒരിക്കൽ പൊള്ളിയിടത്തു തന്നെ വീണ്ടും ബീഡി കുത്തി. ഭസ്മം കഴിപ്പിച്ചു. ഏറ്റവുമൊടുവിൽ ഇറച്ചി കൂട്ടി ചോറുതന്നു ’– ഭർത്താവിന്റെ വീട്ടിൽ ആഭിചാരക്രിയകൾക്ക് ഇരയാകേണ്ടി വന്ന ഇരുപത്തഞ്ചുകാരിയുടെ ഓർമകളിൽ ഇപ്പോഴും ആ ദിവസം നടുക്കുന്ന അനുഭവമാണ്.രാവിലെ 11 മുതൽ രാത്രി 9 വരെ 10 മണിക്കൂറാണു ‘തിരുമേനി’ എന്നറിയപ്പെടുന്ന ശിവദാസിന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ അതിക്രൂരമായ ശാരീരിക, മാനസിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മണർകാട് കൊരട്ടിക്കുന്നേൽ പുൽപ്പറംകുന്നേൽ അഖിൽദാസ്, അഖിലിന്റെ പിതാവ് ദാസ്, ശിവദാസ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശിവദാസിനെ വീട്ടിലെത്തിച്ച അഖിലിന്റെ അമ്മ സൗമിനിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. നഗരത്തിലെ തുണിക്കടയിൽ ജോലിക്കാരിയാണു യുവതി. വർക്‌ഷോപ് ജീവനക്കാരനാണ് അഖിൽ. 2 മാസത്തെ പ്രണയത്തിനൊടുവിൽ, സെപ്റ്റംബർ 26നു യുവതി അഖിലിനൊപ്പം വീടുവിട്ടു.യുവതിയുടെ അകന്ന ബന്ധുവാണ് അഖിൽ. യുവതിയുടെ 2 ബന്ധുക്കൾ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചെങ്കിലും വീട്ടിലേക്കു പോകാൻ അനുവദിച്ചില്ല. സ്വന്തം വീട്ടിലേക്കു പോയാൽ അവർ തിരികെ വരില്ലെന്നു ശിവദാസ് അഖിലിന്റെ വീട്ടുകാരോടു പറഞ്ഞതാണു കാരണം. ഇത് ചൂണ്ടിക്കാട്ടി യുവതി ഭർത്താവുമായി പലദിവസങ്ങളിലും വഴക്കിട്ടു. പ്രശ്നപരിഹാരത്തിനായി വീട്ടിലെത്തിയ ശിവദാസ്, മരിച്ചുപോയ സ്ത്രീകളടക്കം 8 ദുരാത്മാക്കൾ യുവതിയുടെ ശരീരത്തിൽ ഉണ്ടെന്നും വഴക്കിനു കാരണം അവരാണെന്നും വെളിപ്പെടുത്തി. തുടർന്നായിരുന്നു നവംബർ 2നു രാവിലെ മുതൽ പൂജ നടത്തിയത്.തെളിവ് ശേഖരിക്കാൻ തിരിച്ചെത്തി പൂജ കഴിഞ്ഞതിന്റെ രണ്ടാം ദിവസം ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയ യുവതി സ്വന്തം വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. പൊലീസിൽ പരാതിപ്പെടുന്നതിനു മുൻപു പരമാവധി തെളിവുകൾ ശേഖരിക്കണമെന്നു മാതാപിതാക്കൾ പറഞ്ഞതു പ്രകാരം അന്നുതന്നെ തിരിച്ചെത്തി. ആഭിചാരക്രിയയുടെ വിഡിയോ ദൃശ്യങ്ങൾ ഭർതൃസഹോദരി ഫോണിൽ പകർത്തിയിരുന്നു. തനിക്കു കാണാനാണെന്നു പറഞ്ഞ് ഈ ദൃശ്യങ്ങൾ യുവതി വാങ്ങി. പിന്നീടു തന്റെ പിതാവ് വഴി മണർകാട് പൊലീസിനു കൈമാറുകയായിരുന്നു.
ആഭിചാരക്രിയയ്ക്ക് കൂലി 6000 രൂപ; കരച്ചിൽ മറയ്ക്കാൻ പുലിമുരുകനിലെ പാട്ട് ,കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞൾ വെള്ളം, ചുണ്ണാമ്പ്.... 8 ദുരാത്മാക്കളെ പിടികൂടാനായി മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങൾ ഇനിയുമുണ്ട്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ സിനിമ ‘സു ഫ്രം സോ’യുമായി സംഭവത്തിനു സമാനതകളേറെയാണ്. ആഭിചാരക്രിയകളെപ്പറ്റി പൊലീസ് പറയുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പ്രതികാരം ചെയ്യാൻ മറ്റൊരാളുടെ ശരീരം തിരഞ്ഞെടുക്കുന്ന ദുരാത്മാക്കൾ – അത്തരമൊരു കഥയാണ് മന്ത്രവാദി ശിവദാസ് യുവതിയുടെ ഭർത്താവിന്റെ വീട്ടിൽ അവതരിപ്പിച്ചത്. ഭർത്താവുമായി വഴക്കിടുന്നതു യുവതിയല്ലെന്നും ശരീരത്തിലുള്ള ദുരാത്മാക്കളാണെന്നും ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് പിൻവഴിയിലൂടെ വീട്ടിലെത്തുന്ന ഇയാൾ തലയോട്ടികളുടെ രൂപങ്ങൾ കോർത്ത മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും. ഇതിനിടയിൽ ആരെങ്കിലും വന്നാൽ മാല ഊരിമാറ്റി സാധാരണ പോലെയാകും. യുവതിയുടെ ശരീരത്തിൽനിന്നു ദുരാത്മാക്കളെ പുറത്താക്കുന്നതിനായി 6,000 രൂപയാണ് ഇയാൾ വാങ്ങിയത്. യുവതിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ‘കാടണിയും കാൽച്ചിലമ്പേ കാനന മൈനേ..’ എന്ന പുലിമുരുകൻ സിനിമയിലെ പാട്ട് ഉച്ചത്തിൽ വച്ചു.
ദുരാത്മാക്കളെ ആണിയിൽ തളച്ച്, യുവതിയുടെ മുടികൊണ്ടു പിടിച്ചുകെട്ടി, പാലമരത്തിൽ തളയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവതിയുടെ മുടിയിൽ ആണി ചുറ്റി വലിച്ചു പറിച്ചെടുത്തു. ഈ ആണികൾ മരക്കുറ്റിയിൽ അടിച്ചു കയറ്റി. എല്ലാവരെയും ബന്ധിച്ചെന്നും യുവതിയെ രക്ഷിച്ചെന്നും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മന്ത്രവാദി തളർന്നുവീണു. അഖിലിന്റെ പിതാവും കേസിലെ മറ്റൊരു പ്രതിയുമായ ദാസ് വെള്ളം തളിച്ചപ്പോൾ ഇയാൾ എണീറ്റു. ശേഷം, നേരത്തേ വെട്ടിമുറിച്ചു വച്ചിരുന്ന കുമ്പളങ്ങയ്ക്കുള്ളിൽ പൂജയ്ക്ക് ഉപയോഗിച്ച സാധനങ്ങൾ നിറച്ചു. വീടിന്റെ നടയോടു ചേർത്തു കുഴിയെടുത്ത് മൂടി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.