ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.
അയോധ്യയിലെത്തിയ നരേന്ദ്ര മോദി സാകേത് കോളേജിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. അയോധ്യാധാം വരെയാണ് റോഡ് ഷോ നടക്കുക. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തും. ഇതിനുശേഷമായിരിക്കും അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കുക. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്.ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെ അടക്കം ക്ഷണിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപി തോറ്റിരുന്നു. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കുന്നത്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ധ്വജാരോഹണ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കർശനമാക്കിയിട്ടുണ്ട്. അയോധ്യ ജില്ലയിലാകെ ജാഗ്രത കൂട്ടിയിട്ടുണ്ട്. അതേസമയം അയോധ്യയിൽ കൊടി ഉയർത്താൻ പോകുന്ന മോദി വർഷത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞതുൾപ്പടെ വാഗ്ദാനങ്ങൾ പാലിച്ചോയെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു
രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നെങ്കിലും ക്ഷേത്രം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിലടക്കം ബിജെപി തോറ്റു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ രാമക്ഷേത്രം ബിജെപി പ്രധാന പ്രചാരണ വിഷയം ആക്കിയില്ല. എന്നാല്‍ അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താന് കൂടിയാണ് അയോധ്യയിലെ ഓരോ ചടങ്ങും പ്രധാനമന്ത്രിയടക്കം പങ്കെടുത്ത് ബിജെപി ആഘോഷമാക്കുന്നത്.
പതാക സ്ഥാപിക്കുന്നത് 191 അടി ഉയരത്തിൽ
മോദി അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിക്കുക. രാമന്‍റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണിത്. രാമന്‍റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുക. ദേശീയ ഐക്യത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. ഇതിനുശേഷം മോദി തെരഞ്ഞെടുത്ത 700 പേരടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.