മൂന്നാർ സന്ദർശിക്കാനെത്തിയ മുംബൈ സ്വദേശിനിയായ ഒരു യുവതി ടാക്സി ഡ്രൈവർമാരിൽ നിന്നും പോലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയുടെ വെളിപ്പെടുത്തൽ കേരള ടൂറിസത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണ്.
ഓൺലൈൻ ടാക്‌സികളെ ആശ്രയിച്ച് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. എന്നാൽ മൂന്നാറിൽ വെച്ച്, ഒരു സംഘം ടാക്സി ഡ്രൈവർമാർ ഇവരുടെ ഓൺലൈൻ ടാക്സി തടയുകയും, മൂന്നാറിൽ ഓൺലൈൻ ടാക്‌സികൾക്ക് നിരോധനമുണ്ടെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തദ്ദേശീയമായ ടാക്‌സി വാഹനങ്ങളിൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ എന്ന നിലപാട് അവർ സ്വീകരിച്ചു.
ഇതോടെ നിസ്സഹായരായ യുവതി പോലീസിൻ്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസുകാരും ടാക്‌സി ഡ്രൈവർമാരുടെ വാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ യുവതിക്ക് മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നു. എന്നാൽ യാത്ര സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് തൻ്റെ ട്രിപ്പ് അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു എന്ന് ജാൻവി പറയുന്നു.
ഈ ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
"ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ യൂണിയൻ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി നിരക്കിനെക്കാൾ മുന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എൻ്റെ അനുഭവം ഓൺലൈനിൽ പങ്കുവെച്ചതിന് ശേഷം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന നിരവധി പേരിൽ നിന്നും എനിക്ക് സന്ദേശങ്ങൾ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്‌സി ഗ്രൂപ്പുകൾ പിന്തുടരുകയും, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. കേരളത്തിൻ്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. എനിക്ക് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ, എനിക്ക് സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം ഇനി സന്ദർശിക്കാൻ എനിക്ക് കഴിയില്ല," ജാൻവി വീഡിയോയിലൂടെ തുറന്നടിച്ചു.
ഇത്തരം സംഭവങ്ങൾ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വലിയ വെല്ലുവിളിയാകുമ്പോൾ, തദ്ദേശീയ ടാക്സി യൂണിയനുകളുടെ ഈ നിയമലംഘനങ്ങളെ അധികൃതർ എങ്ങനെ സമീപിക്കുമെന്ന ചോദ്യം പ്രസക്തമാവുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.