തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി. നേതാവുമായ കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് തലശ്ശേരി അതിവേഗ പ്രത്യേക കോടതി കണ്ടെത്തി. കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജനെയാണ് (52) ജഡ്ജി എ.ടി. ജലജാറാണി കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിയുടെ ശിക്ഷാ വിധി ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ പത്മരാജൻ നിലവിൽ തലശ്ശേരി സബ് ജയിലിലാണ്. വിധിക്ക് മുന്നോടിയായി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
പത്മരാജന്റെ പ്രതികരണം
ശിക്ഷാ വിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് താൻ കുറ്റക്കാരനല്ലെന്ന് പത്മരാജൻ ആവർത്തിച്ചു. "തന്നെപ്പോലൊരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രാർഥിക്കുന്നു" എന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന്, "തന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി എസ്.ഡി.പി.ഐ. ആയിരിക്കും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മരാജൻ പറഞ്ഞത് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടെങ്കിലും, ഇതെല്ലാം വാദം കേൾക്കുന്ന ഘട്ടത്തിൽ പറഞ്ഞതാണെന്നും വീണ്ടും രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി.
പ്രായമായ മാതാപിതാക്കളും കുടുംബവും ഉണ്ടെന്നും, ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പത്മരാജൻ കോടതിയെ അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
കേസിന്റെ വിശദാംശങ്ങൾ
12 വയസ്സിന് താഴെയുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.ചൈൽഡ് ലൈനിലാണ് പീഡനവിവരം ആദ്യം ലഭിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി 2020 മാർച്ച് 17-ന് പാനൂർ പോലീസ് കേസെടുത്തു. ഏപ്രിൽ 15-ന് പ്രതിയെ പൊയിലൂർ വിളക്കോട്ടൂരിൽനിന്ന് പിടികൂടി. കേസ് പിന്നീട് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ചു.
ക്രൈംബ്രാഞ്ച് ഐ.ജി.യായിരുന്ന എസ്. ശ്രീജിത്ത് ഫോൺ സംഭാഷണത്തിൽ പ്രതിയെ അനുകൂലിച്ച് സംസാരിച്ചതായുള്ള വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയത്. തീരമേഖലാ എ.ഡി.ജി.പി. ഇ.ജെ. ജയരാജൻ, അസി. കമ്മീഷണർ ടി.കെ. രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 2021 മേയിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം നൽകുകയായിരുന്നു





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.