കഴിഞ്ഞ വർഷം ജഡ്ജിമാർക്ക് യാത്രാ, താമസ, മറ്റ് ആവശ്യങ്ങൾക്കായി 2.1 മില്യൺ യൂറോയിലധികം (ഏകദേശം 19 കോടിയിലധികം രൂപ) അലവൻസായി ചെലവിട്ടതായി കോർട്ട്‌സ് സർവീസിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു ജുഡീഷ്യൽ അംഗത്തിന് മാത്രം യാത്രാ, ഭക്ഷണച്ചെലവുകൾ ഉൾപ്പെടെ 54,361 യൂറോ ലഭിച്ചു.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. യാത്രാ, മൈലേജ് ബില്ലുകൾക്കായി 9,47,000 യൂറോയും താമസ, ഭക്ഷണച്ചെലവുകൾക്കായി 1.12 മില്യൺ യൂറോയുമാണ് ആകെ ചെലവിഴിച്ചത്. ജുഡീഷ്യൽ വസ്ത്രങ്ങൾ, വിഗ്ഗുകൾ, ഗൗണുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾക്കായി 34,754 യൂറോ വേറെയുമുണ്ട്. ഓരോ ജഡ്ജിക്കും ലഭിക്കുന്ന അലവൻസ് അവർ ജോലി ചെയ്യുന്ന സ്ഥലത്തെയും ചുമതലയുള്ള ഭൂമിശാസ്ത്രപരമായ പ്രദേശത്തെയും ആശ്രയിച്ച് വലിയ വ്യത്യാസമുണ്ടെന്നും കോർട്ട്‌സ് സർവീസ് വ്യക്തമാക്കി.
ഡബ്ലിനിൽ മാത്രം പ്രവർത്തിക്കുന്ന സുപ്രീം കോടതി ജഡ്ജിമാർക്ക് ആകെ 3,920 യൂറോ (10 അംഗങ്ങൾക്കായി) മാത്രമാണ് ചെലവായത്. എന്നാൽ, രാജ്യത്തുടനീളം യാത്ര ചെയ്യേണ്ടിവരുന്ന സർക്യൂട്ട്, ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിമാർ ഉയർന്ന തുക ക്ലെയിം ചെയ്തിട്ടുണ്ട്. ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിമാർക്കായി മാത്രം ആകെ 1.18 മില്യൺ യൂറോ ചെലവായി. അവധി, രോഗാവധി എന്നിവ കവർ ചെയ്യുന്നതിനും കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും രാജ്യമെമ്പാടുമുള്ള വേദികളിലേക്ക് നിയമിക്കപ്പെടുന്നതിനാലാണ് ഈ വർദ്ധന. ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായ ജെറാൾഡ് ഫർലോങ് ആണ് ഏറ്റവും കൂടുതൽ അലവൻസ് (54,361 യൂറോ) കൈപ്പറ്റിയ വ്യക്തി. ഇതിൽ 19,421 യൂറോ യാത്രാച്ചെലവും 34,940 യൂറോ താമസ, ഭക്ഷണച്ചെലവുമാണ്.
ചെലവുകൾക്ക് വിശദീകരണം നൽകിയ കോർട്ട്‌സ് സർവീസ്, യാത്രാ, താമസ ചെലവുകൾ സിവിൽ സർവീസ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള സ്റ്റാൻഡേർഡ് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അറിയിച്ചു. ജഡ്ജിമാർ അവരുടെ താമസസ്ഥലത്തുനിന്ന് അകലെയുള്ള കോടതികളിൽ ഹാജരാകേണ്ട ആവശ്യകതയുമായി ബന്ധപ്പെട്ടാണ് ജുഡീഷ്യൽ ചെലവുകളുടെ 98 ശതമാനവും ഉണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയതും വലുതും ഭൂമിശാസ്ത്രപരമായി കൂടുതൽ വ്യാപിച്ചുകിടക്കുന്നതുമായ കോടതിയായ ഡിസ്ട്രിക്റ്റ് കോടതി വർഷം മുഴുവനും രാജ്യത്തുടനീളമുള്ള വേദികളിലാണ് പ്രവർത്തിക്കുന്നത്. ഇതാണ് അലവൻസുകൾ വർദ്ധിക്കാൻ പ്രധാന കാരണമെന്നും കോർട്ട്‌സ് സർവീസ് കൂട്ടിച്ചേർത്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.