തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പുതിയ തൊഴിൽ നിയമസംഹിത (ലേബർ കോഡ്) നിലവിൽ വന്നതോടെ, വീട് നിർമാണത്തിനുള്ള സെസ് ഈടാക്കുന്നതിൻ്റെ പരിധിയിൽ മാറ്റം വന്നു. ഇനി 50 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവുള്ള വീടുകൾ നിർമിക്കുന്നവർ മാത്രം കെട്ടിട നിർമാണ സെസ് അടച്ചാൽ മതിയാകും.
പുതിയ നിയമം നിലവിൽ വന്നതോടെ, നിർമാണച്ചെലവിൻ്റെ ഒരു ശതമാനം സെസ് നൽകേണ്ടതിൻ്റെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർന്നു. നിലവിൽ, 10 ലക്ഷം രൂപയിലധികം നിർമാണച്ചെലവോ 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്രയടി) കൂടുതൽ വിസ്തീർണമോ ഉള്ള കെട്ടിടങ്ങൾക്കായിരുന്നു സെസ് ബാധകം.
തൊഴിൽ വകുപ്പിന് തിരിച്ചടി
ഈ മാസം 21-നാണ് കേന്ദ്ര നിയമസംഹിത പ്രാബല്യത്തിൽ വന്നത്. നിർമാണച്ചെലവിൻ്റെ പരിധി ഉയർത്തിയ തീരുമാനം സംസ്ഥാന തൊഴിൽ വകുപ്പിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡാണ് സെസ് ഈടാക്കുന്നത്.
ബോർഡിന് ലഭിക്കുന്ന സെസ് തുകയുടെ 70 ശതമാനവും വരുന്നത് വീടുകളുടെ നിർമാണത്തിൽ നിന്നാണ്. ഈ തുകയാണ് തൊഴിലാളികളുടെ പെൻഷൻ വിതരണത്തിനായി നീക്കിവയ്ക്കുന്നത്.
- നിലവിൽ ബോർഡ് പ്രതിമാസം നൽകേണ്ട 1600 രൂപയുടെ പെൻഷൻ 17 മാസമായി മുടങ്ങിയിരിക്കുകയാണ്.
- 3.80 ലക്ഷം തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളുമായി 1163 കോടി രൂപയുടെ കുടിശികയുണ്ട്. ഇതിൽ പെൻഷൻ കുടിശിക മാത്രം ഏകദേശം 1000 കോടി രൂപ വരും.
നിയമവ്യവസ്ഥയും ബാധകമാകുന്ന രീതിയും
നാല് നിയമസംഹിതകളിൽ ഉൾപ്പെടുന്ന സാമൂഹിക സുരക്ഷാ സംഹിതയിലെ സെക്ഷൻ 2 (6) ആണ് വീടുകളുടെ സെസ് നിർണയ പരിധിയെക്കുറിച്ച് വ്യക്തമാക്കുന്നത്.
സെസ് നിർണയിക്കുന്നതിനായി ബിൽഡിങ് പെർമിറ്റ് രേഖയാണ് ഉപയോഗിക്കുന്നത്. അതിനാൽ, 21-നു ശേഷം പെർമിറ്റ് ലഭിക്കുന്നവർക്കായിരിക്കും ഈ പുതിയ പരിധി ബാധകമാകുക. ഇക്കാര്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പ് ഔദ്യോഗികമായി വ്യക്തത വരുത്തേണ്ടതുണ്ട്.
സെസ് ഈടാക്കുന്നതിനുള്ള നിർമാണച്ചെലവിൻ്റെ പരിധി 50 ലക്ഷം രൂപയെന്നത് വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയുണ്ടെങ്കിലും, കുറവ് വരുത്താൻ പുതിയ നിയമം അനുവദിക്കുന്നില്ല.
വാണിജ്യ കെട്ടിടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ചെലവഴിക്കുന്ന തുകയ്ക്ക് ഒരു ശതമാനം സെസ് അടയ്ക്കണമെന്ന വ്യവസ്ഥ തുടർന്നും നിലനിൽക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.