ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. സ്ഫോടനം നടക്കുമ്പോൾ പ്രധാന പ്രതിയായ ഡോ. ഉമർ നബി കാറിനുള്ളിൽ ഉണ്ടായിരുന്നതായി ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ചന്ദ്‌നി ചൗക്കിലെ മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനം നടത്തിയത് ഉമറാണെന്ന് ഡിഎൻഎ ഫലം സ്ഥിരീകരിച്ചതോടെ ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലയും ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനായി.
ഹൈന്ദൈ ഐ20 കാർ സ്ഫോടനം നടക്കുന്ന സമയത്ത് ഉമറിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി, വാഹനത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികളുടെയും പല്ലുകളുടെയും സാമ്പിളുകൾ ഉമറിന്റെ അമ്മയിൽ നിന്ന് ശേഖരിച്ച ഡിഎൻഎയുമായി താരതമ്യം ചെയ്ത ശേഷമാണ് സ്ഥിരീകരണം നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷം ഉമർ നബിയുടെ കാൽ സ്റ്റിയറിംഗ് വീലിനും ആക്‌സിലറേറ്ററിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്നും ഡൽഹി പോലീസ് അറിയിച്ചു. ആക്രമണത്തിന് മുമ്പ് ഉമർ നബി രാംലീല മൈതാനത്തിനടുത്തുള്ള ആസഫ് അലി റോഡിലെ ഒരു പള്ളിയിൽ തങ്ങിയതായും, അവിടെ നിന്ന് സുന്നെഹ്രി മസ്ജിദ് പാർക്കിംഗ് ലോട്ടിലേക്ക് പോയതായും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഐ20 കാർ ഉച്ചയ്ക്ക് 3.19 ന് പാർക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. നിലവിൽ ഉമറിന്റെ മൊബൈൽ ഫോൺ ഡാറ്റയും സിഗ്നൽ ചരിത്രവും അന്വേഷണ ഏജൻസികൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
പുൽവാമയിലെ കോയിൽ ഗ്രാമവാസിയായ ഡോ. ഉമർ നബി ഫരീദാബാദിലെ ഒരു കോളേജിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അമ്മ ഷമീമ ബീഗത്തെയും രണ്ട് സഹോദരങ്ങളെയും ഡിഎൻഎ പരിശോധനയ്ക്കായി പുൽവാമയിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറിന്റെ വിൽപ്പനയിലും വാങ്ങലുമായി ബന്ധപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഉമർ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് വിശ്വസിക്കാൻ കുടുംബത്തിന് പ്രയാസമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരി മുസമ്മിൽ പ്രതികരിച്ചു. പഠനത്തിലും ജോലിയിലും മാത്രം ശ്രദ്ധിച്ചിരുന്ന, ശാന്ത സ്വഭാവമുള്ള വ്യക്തിയായിരുന്നു ഉമറെന്നും അവർ പറഞ്ഞു. ഡൽഹി പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ്, ഫ്യുവൽ ഓയിൽ, ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.