കൊച്ചി : മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി.വി.അൻവറിന്റെ സ്വത്ത് 50 കോടി രൂപ വർധിച്ചെന്നും എന്നാൽ ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
അൻവറുമായി ബന്ധപ്പെട്ട കമ്പനികളും വീടും ഉൾപ്പെടെ ആറിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡ് സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. 2015ൽ അൻവറിന്റെ സ്വത്ത് 1.43 കോടി രൂപയായിരുന്നെങ്കിൽ 2021ൽ ഇത് 64.14 കോടി രൂപയായി വര്‍ധിച്ചു.കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മലപ്പുറം ശാഖയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേടു നടത്തിയും അൻവർ വായ്പയെടുത്തെന്ന, വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു.ഇതിന്റെ ചുവടു പിടിച്ചാണ് സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇ.ഡിയും പരിശോധിക്കുന്നത്. ഒരേ വസ്തു തന്നെ ഈടുവച്ച് മാലംകുളം കൺസ്ട്രക്ഷൻസ് എന്ന കമ്പനി 7.5 കോടി രൂപ വായ്പയെടുത്തിരുന്നു. ഇതേ വസ്തു തന്നെ ഈടുവച്ച് പിന്നീട് 3.05 കോടി രൂപയും 1.56 കോടി രൂപയും പിവിആർ ഡവലപ്പേഴ്സ് എന്ന കമ്പനിയും കെഎഫ്സിയിൽ നിന്ന് വായ്പയെടുത്തെന്ന് ഇ.ഡി പറയുന്നു.ഇത് ക്രമേണ 22.3 കോടി രൂപയുടെ കടബാധ്യതയായി മാറി. ബെനാമി ഇടപാടുകൾ ഉൾപ്പെടെ ഈ തുക മറ്റു കാര്യങ്ങൾക്കായി വകമാറ്റിയെന്നാണ് പ്രാഥമിക തെളിവുകളെന്ന് ഇ.ഡി പറയുന്നു.
തന്റെ മരുമകന്റെയും ഡ്രൈവറുടെയും പേരിലാണ് മാലംകുളം കൺസ്ട്രക്ഷൻസ് എന്ന കമ്പനിയെങ്കിലും ഇതിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ സമ്മതിച്ചതായി ഇ.ഡി പറയുന്നു. പിവിആർ മെട്രോ വില്ലേജ് എന്ന പദ്ധതിക്കു വേണ്ടിയാണ് വായ്പാ തുക ഉപയോഗിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ മതിയായ അനുമതി ഇല്ലാതെയാണ് മെട്രോ വില്ലേജിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബെനാമി ഉൾപ്പെടെ 15 അക്കൗണ്ടുകൾ അടക്കം ഒട്ടേറെ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ഇ.ഡി വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.