കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ അന്താരാഷ്ട്ര ബന്ധം കൂടി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.
സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നത്.രാജ്യത്ത് നിന്നുള്ള അമൂല്യ വസ്തുക്കള്‍ കടത്തുന്ന സുഭാഷ് കപൂറിന്റെ റാക്കറ്റ് പോലുള്ള വലിയ അന്താരാഷ്ട്ര റാക്കറ്റുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 2018 മുതലുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും ഹൈക്കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെട്ടു.
2018 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതികളെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. സ്വര്‍ണപ്പാളികളുടെ അടക്കം 'റെപ്ലിക്ക' എടുത്ത് തട്ടിപ്പിനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും അപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്കം ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണ്ണം പൂശിയതില്‍ നിന്നാണ് എന്ന് ഹൈക്കോടതി എസ്.ഐ.ടിയോട് വ്യക്തമാക്കി. വാതില്‍ സ്വര്‍ണ്ണം പൂശിയ കാലഘട്ടമായ 2019-ലെ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം.
വാതില്‍ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങള് എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വകുപ്പ് ചെയ്യേണ്ടതിനു പകരം, ഉണ്ണികൃഷ്ണന് പോറ്റിയെ ഒരു പരമാധികാരിയാക്കി മാറ്റി കാര്യങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്ക് സന്നിധാനത്ത് ഇത്രയും വലിയ ഒരാളായി മാറാന്‍ സഹായിച്ച, അദ്ദേഹത്തെ അവിടെ അവതരിപ്പിച്ച യഥാര്‍ത്ഥ 'മൂര്‍ത്തി' (സ്പോണ്സര്) ആരാണെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദ്വാരപാലക ശില്പങ്ങള് വീണ്ടും അറ്റകുറ്റപ്പണികള്‍ക്കായി അയച്ചതില്‍ അനാവശ്യ ധൃതി കാണിച്ചു എന്ന് കോടതി കണ്ടെത്തി. ജനുവരി മുതല്‍ സമയം ഉണ്ടായിട്ടും, മണ്ഡല മകരവിളക്ക് സീസണ് തുടങ്ങാനിരിക്കെ തിടുക്കപ്പെട്ട് ഈ നടപടി സ്വീകരിച്ചു. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അയച്ചതിലൂടെ എല്ലാ നിയമങ്ങളും ലംഘിച്ചു. കോടതിയുടെ അനുമതിയില്ലാതെയും സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെയാണ് ഇത് ചെയ്തത്.
അയ്യപ്പന്റെ മുതല്‍ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ബാധ്യത ദേവസ്വം ബോര്‍ഡ് ചെയ്തിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി പോയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഒപ്പിട്ടുകൊണ്ടാണെന്നും കോടതി വിമര്‍ശിച്ചു. പി.എസ്. പ്രശാന്ത് നേതൃത്വം നല്കുന്ന ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്ക് കാലാവധി നീട്ടി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ എന്നതാണ് ശ്രദ്ധേയം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.