കൊച്ചി :കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ്ങിനെ തടഞ്ഞുവച്ച് റെയിൽവെ പൊലീസ്. എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ തടഞ്ഞുവച്ചിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടു മണിയോടെ ഡൽഹിയിൽ നിന്ന് ട്രെയിനിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയ ബണ്ടി ചോറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻപും കേരളത്തിൽ മോഷണം നടത്തി ശിക്ഷ അനുഭവിച്ചിട്ടുള്ള ആളായതിനാൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട ചില രേഖകൾക്കായി വന്നതാണ് എന്നാണ് ബണ്ടി ചോർ നൽകിയിരിക്കുന്ന മൊഴി. എന്നാൽ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല.ഡൽഹിയിൽ നിന്ന് ട്രെയിനിൽ തൃശൂരിലിറങ്ങി അവിടെ നിന്ന് പാസഞ്ചർ ട്രെയിനിലാണ് ബണ്ടി ചോർ സൗത്തിലെത്തിയത്. തുടർന്ന് ഒമ്പതു മണിയോടെ വെയിറ്റിങ് റൂമിൽ ഇരിക്കുമ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കേരളത്തിലുണ്ടായിരുന്ന കേസുമായി ബന്ധപ്പെട്ട് ചില വസ്തുവകകൾ തനിക്ക് വിട്ടുകിട്ടാനുണ്ടെന്നും അതിന്റെ ആവശ്യങ്ങൾക്കായി ഹൈക്കോടതിയിൽ വന്നതാണെന്നുമാണ് ഇയാളുടെ മറുപടി. അഭിഭാഷകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇയാൾ പറയുന്നു.
കേരളത്തിൽ നിലവിൽ ബണ്ടി ചോറിനെതിരെ കേസുകൾ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തിൽ ഇയാൾ പറയുന്ന കേസ് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇയാൾ പറയുന്നത് ശരിയെന്നു ബോധ്യപ്പെട്ടാൽ വിട്ടയ്ക്കും. ഇയാളുടെ കൈവശം വസ്ത്രങ്ങളും ചില രേഖകളുമടങ്ങിയ ഒരു ബാഗ് മാത്രമേയുണ്ടായിരുന്നുള്ളൂ.2013ൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതോടു കൂടിയാണ് ബണ്ടി ചോർ കേരളത്തിലും കുപ്രസിദ്ധനാകുന്നത്. പ്രവാസിയുടെ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാറും സ്വര്‍ണവും ലാപ്ടോപ്പുമടക്കം കവര്‍ന്ന ബണ്ടി ചോർ പിന്നീട് പുണെയിൽ നിന്നാണ് പിടിയിലായത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബണ്ടി ചോർ കോവിഡ് കാലത്തുൾപ്പെടെ പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. കോവിഡ് പിടിപെടുകയും ചെയ്തിരുന്നു.
2023ൽ ജയിൽ മോചിതനായപ്പോൾ താൻ മോഷണം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞെങ്കിലും പിന്നീടും പൊലീസ് പിടിയിലായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 700ലേറെ കേസുകളിൽ പ്രതിയായ ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണ് അഭയ് ഡിയോള്‍ നായകനായ ‘ഒയേ ലക്കി ലക്കി ഒയേ’ എന്ന ഹിന്ദി ചിത്രം. 2010ൽ ബിഗ് ബോസ് ഷോയിലും പങ്കെടുത്തിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.