ന്യൂഡൽഹി: 2025 ജൂണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനാപകടത്തിൽ പൈലറ്റിന്റെ പിഴവാണ് കാരണമെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീം കോടതി. ദുരന്തത്തിൽ മരിച്ച പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ സുമിത് സഭർവാളിന്റെ പിതാവിനോടാണ് കോടതി ഈ പരാമർശം നടത്തിയത്.
എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ ദുരന്തത്തിൽ മരിച്ച സുമിത്തിന്റെ പിതാവായ 91-കാരൻ പുഷ്‌കർ സഭർവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കോടതിയുടെ ആശ്വാസ വാക്കുകൾ
വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അപകടത്തെക്കുറിച്ച് സ്വതന്ത്രവും സാങ്കേതികമികവുള്ളതുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കർ സഭർവാൾ കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് ഇങ്ങനെ പറഞ്ഞു:
"വിമാനാപകടം ഏറെ ദൗർഭാഗ്യകരമാണ്. എന്നാൽ താങ്കളുടെ മകനാണ് കുറ്റക്കാരൻ എന്ന ഭാരം അങ്ങ് പേറരുത്. ആർക്കും അദ്ദേഹത്തെ (സുമിത്) ഒന്നിനും കുറ്റപ്പെടുത്താനാകില്ല."
കൂടാതെ, ദുരന്തത്തിന്റെ പേരിൽ ക്യാപ്റ്റൻ സുമിത്തിന് പഴികേൾക്കേണ്ടി വരില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബാഗ്‌ചിയും ഈ നിലപാടിനോട് യോജിച്ചു. ഇതുവരെ പൈലറ്റിനെതിരേ ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ടിൽ രണ്ട് പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അത് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹർജി
മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ മുഖാന്തരമാണ് സുമിത്തിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. എയർക്രാഫ്റ്റ് (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്‌സിഡൻ്റ്‌സ് ആൻഡ് ഇൻസിഡൻ്റ്‌സ്) നിയമത്തിലെ റൂൾ 9 പ്രകാരമുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നും, റൂൾ 11 പ്രകാരമുള്ള പൂർണ്ണവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
പുഷ്‌കർ സഭർവാളിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഡിജിസിഎയോടും (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) മറ്റ് അധികൃതരോടും സുപ്രീം കോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ഹർജി നവംബർ 10-ന് വീണ്ടും പരിഗണിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.