ബെംഗളൂരു: ഓലയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ ഭവിഷ് അഗർവാളിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ജോലിസ്ഥലത്തെ പീഡനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന 28 പേജുള്ള കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ഓലയിലെ ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.
ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ (FIR), അഗർവാളിനെക്കൂടാതെ, ഓലയുടെ വാഹന ഹോമോളോഗേഷൻ, റെഗുലേഷൻ വിഭാഗം മേധാവി സുബ്രത്ത് കുമാർ ദാസിനെയും മറ്റ് ചിലരെയും പ്രതിചേർത്തിട്ടുണ്ട്. മരിച്ച ജീവനക്കാരനായ അരവിന്ദിന്റെ സഹോദരൻ അശ്വിൻ കണ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്.
28 പേജ് ആത്മഹത്യാക്കുറിപ്പ്; ഗുരുതര ആരോപണങ്ങൾ
അരവിന്ദിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ കുടുംബാംഗങ്ങൾ 28 പേജുള്ള കൈയ്യെഴുത്ത് കുറിപ്പ് കണ്ടെടുത്തിരുന്നു. ഈ കുറിപ്പിൽ, സുബ്രത കുമാർ ദാസും സി.ഇ.ഒ. ഭവിഷ് അഗർവാളും നടത്തിയ പീഡനം, അമിതമായ ജോലിഭാരം, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കൽ, മാനസിക പീഡനം എന്നിവയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് അരവിന്ദ് ആരോപിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരവിന്ദിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 108, സെക്ഷൻ 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്.ഐ.ആറിൽ സുബ്രത കുമാർ ദാസിനെ ഒന്നാം പ്രതിയായും ഭവിഷ് അഗർവാളിനെ രണ്ടാം പ്രതിയായും ഓല ഇലക്ട്രിക്കിനെ മൂന്നാം പ്രതിയായും രേഖപ്പെടുത്തിയിരിക്കുന്നു.
ഓലയുടെ വിശദീകരണം: ഹൈക്കോടതിയിൽ ഹർജി നൽകി
അതിനിടെ, കേസ് സംബന്ധിച്ച് ഓലയുടെ ഭാഗത്തുനിന്ന് വിശദീകരണക്കുറിപ്പ് പുറത്തിറങ്ങി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും അനുകൂലമായ സംരക്ഷണ ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
മരിച്ച അരവിന്ദ് തൻ്റെ ഔദ്യോഗിക കാലയളവിൽ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും സി.ഇ.ഒ. ഉൾപ്പെടെയുള്ള ഉയർന്ന മാനേജ്‌മെന്റുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലായിരുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. "ജോലി സമയത്ത്, അരവിന്ദ് തൻ്റെ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളെക്കുറിച്ചോ ഒരു പരാതിയും നൽകിയിട്ടില്ല. പ്രൊമോട്ടർ ഉൾപ്പെടെയുള്ള കമ്പനിയുടെ ഉന്നത മാനേജ്മെന്റുമായി അദ്ദേഹത്തിന് നേരിട്ട് ഇടപെഴകേണ്ട സാഹചര്യവും ഇല്ലായിരുന്നു," കമ്പനി വ്യക്തമാക്കി.
കൂടാതെ, കുടുംബത്തിന് അടിയന്തിര സഹായം നൽകുന്നതിനായി, ഫുൾ ആൻഡ് ഫൈനൽ സെറ്റിൽമെൻ്റ് (Full and Final Settlement) തുക ഉടൻ തന്നെ അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടിൽ നൽകിയതായും ഓല അറിയിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ജീവനക്കാർക്ക് സുരക്ഷിതവും മാന്യവുമായ തൊഴിലിടം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഓല ഇലക്ട്രിക് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.