പാലാ: പാലാ അൽഫോൻസാ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി സംരക്ഷകയുമായ ശ്രീമതി മേധാ പട്കർ പ്രഭാഷണം നടത്തുന്നു.
2025 ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് "ജനാധിപത്യ വികസനത്തിന് പുതുതലമുറ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ അധികരിച്ചാണ് മേധാ പട്കർ സംസാരിക്കുക. '' പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ സോണിയ സെബാസ്റ്റ്യൻ,ലെഫ്റ്റനൻറ് അനു ജോസ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ശ്രീ ബേബി മാത്യു സോമതീരം, ഗ്ലോബൽ യൂത്ത് പ്രസിഡൻറ് ശ്രീ ഫെലിക്സ് പടിക്കമ്യാലിൽ എന്നിവർ സംസാരിക്കും. വിവിധ കലാലയങ്ങളിലും വിദ്യാലയങ്ങളിൽ നിന്നുമായി അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പടെ ആയിരത്തിൽപരം ശ്രോതാക്കൾ എത്തിച്ചേരും.കോളേജിൻ്റെ അക്കാദമികവും ഭരണപരവുമായ തലങ്ങളിലെ മികവിൻ്റെ മുഖമായിരുന്ന മുൻ ബർസാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിലിന്‍റെ സ്മരണാർത്ഥം കോളജിലെ ഇംഗ്ലീഷ് വിഭാഗമാണ് ഈ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും അവരുമായി നേരിട്ട് സംവദിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ഈ പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം.ഈ പ്രഭാഷണ പരമ്പര ഡോ. ശശി തരൂർ 2024 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുകയും "തൂലിക പടവാളിനേക്കാൾ ശക്തമോ ? " എന്ന വിഷയത്തിൽ ആദ്യ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. ക്രിയാത്മകമായ ഇടപെടലുകളാൽ അക്കാദമി രംഗത്തെ ജീവസുറ്റതാക്കാൻ ഇംഗ്ലീഷ് വിഭാഗം ഇത്തരത്തിൽ മുന്നിട്ടിറങ്ങിയത് വിദ്യാർത്ഥികളെ വിവിധ സാമൂഹിക മാനവിക വിഷയങ്ങളിൽ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
കോളേജിലെ അക്കാദമിക , കലാ,കായിക രംഗങ്ങളിൽ വളരെ സജീവമായ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് ഒളിമ്പ്യൻ സിനി ജോസ്, ചലച്ചിത്രതാരം മിയ ജോർജ് ഉൾപ്പെടെയുള്ള പൂർവ്വ വിദ്യാർത്ഥിനികളാൽ സമ്പന്നമാണ്. ഇൻറർ കോളേജ് യൂണിവേഴ്സിറ്റി ദേശീയ അന്തർദേശീയ തലങ്ങളിൽ എല്ലാം ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥിനികൾ ഉജ്ജ്വലനേട്ടങ്ങൾ സ്വന്തമാക്കി വരുന്നു. ഡിപ്പാർട്ട്മെൻ്റിൻ്റെ മികവിൻ്റെ സൂചിക എന്നതു മാത്രമല്ല,
കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രൗഢഗംഭീരമായ ഒരു സാന്നിധ്യമാണ് പാലാ അൽഫോൻസ കോളേജ് എന്നതിൻ്റെ നേർസാക്ഷ്യം കൂടിയായി മാറുകയാണ് ഈ പ്രഭാഷണ പരമ്പര.അറുപതിൽ പരം വർഷങ്ങൾക്ക് മുൻപ്, ഏറെ വെല്ലുവിളികളെ അതിജീവിച്ച്, ഒരു വനിതാ കോളേജ് എന്ന ആശയം ഭാഗ്യസ്മരണാർഹനായ സെബാസ്റ്റ്യൻ വയലിൽ പിതാവ് മുന്നോട്ടു വയ്ക്കുമ്പോൾ ലോകം നേരിടാനിടയുള്ള സമസ്യകൾക്ക് ക്രിയാത്മകമായ ഉത്തരം നല്കാൻ കഴിയുന്ന അനേകായിരം വനിതകളെയും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. ക്രാന്തദർശിയായ തങ്ങളുടെ വലിയ പിതാവിൻ്റെ സ്വപ്നങ്ങൾക്ക് മഴവിൽ വർണ്ണങ്ങൾ ചാർത്തുന്നു കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി അൽഫോൻസയുടെ പടിയേറിയ വനിതകൾ.
മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ പൈതൃക പരിപാലനയിൽ വളർന്ന അൽഫോൻസ കോളേജിനെ സംബന്ധിച്ച് ജീവിതത്തിനായി കൊളുത്തിവയ്ക്കപ്പെട്ട ദീപം എന്നത് ഒരു ആപ്തവാക്യത്തേക്കാളുപരി ഒരു ജീവിത ചര്യയാണ് എന്നതിന് അറുപത് വർഷക്കാലമായി നാടിനും സമൂഹത്തിനും ഈ കലാലയം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സാക്ഷ്യം നല്കുന്നു.
അക്കാദമിക ,കലാകായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മികവിൻ്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി അൽഫോൻസ കോളേജ് മാറിയതിനു പിന്നിൽ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടുള്ള വിശ്വസ്തതയും വിദ്യാർത്ഥി സമൂഹത്തോട് പുലർത്തുന്ന ഉത്തരവാദിത്വവും ആണെന്ന് നിസംശയം പറയാം.
1964ൽ 400 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ കലാലയം ഇന്ന് പതിമൂന്ന് ബിരുദ കോഴ്സുകളും ഏഴ് ബിരുദാനന്തര കോഴ്സുകളുമായി ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു
സാമൂഹിക ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഒരു അൽഫോൻസിയൻ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്. ഷൈനി വിത്സൺ, പ്രീജാ ശ്രീധരൻ, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന് സമ്മാനിക്കാൻ കഴിഞ്ഞ ഏക കലാലയമെന്ന അഭിമാനം അൽഫോൻസയ്ക്കുമാത്രം സ്വന്തമാണ്.
അക്കാദമിക് മേഖലയിലെ അൽഫോൻസ കോളേജിൻ്റെ പകരം വയ്ക്കാനില്ലാത്ത മികവിന് ഇക്കുറിയും കേരളം സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ 29 റാങ്കുകളും 1 എസ് ഗ്രേഡും 46 A+ ഗ്രേഡുകളും 41 A ഗ്രേഡുകളും നേടി യൂണിവേഴ്സിറ്റിയിലെ മികച്ച റിസൾട്ട് എന്ന നേട്ടം ഈ വർഷവും അൽഫോൻസ കൈവരിച്ചു.
സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ നിലനിന്നിരുന്ന,പുതിയ ഭാവങ്ങളിൽ ഇന്നും നിലനിൽക്കുന്ന, ഇന്നിൻ്റെ സാമൂഹിക അന്തരീക്ഷത്തിന് ക്രൈസ്തവ മൂല്യങ്ങളിൽ അടിസ്ഥാനമുറക്കുന്ന വിശ്വമാനവികതയുടെ പുതിയ ഭാഷ പരിചയപ്പെടുത്തുന്നതിൽ ഈ കലാലയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
ഇങ്ങനെ,കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുവാനും ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരുവാൻ അവരെ സഹായിക്കുന്നതിനും ഇത്തരത്തിലുള്ള പരിപാടികൾ സഹായിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽ മാരായ ഡോക്ടർ സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള,
മിസ് മഞ്ജു ജോസ്, കോളേജ് ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റൻറ് ബർസാർ ഫാദർ കുര്യാക്കോസ് വടക്കേതകിടിയേൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ മിസ് ആഷ്‌ലി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.