ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ താലിബാന് സൈനികര്‍ അതിര്‍ത്തിയില്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സൈനിക ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് പാക് സൈനിക മേധാവി അസിം മുനീര്‍.
താലിബാന് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു സൈനിക മേധാവി ഉദ്യോഗസ്ഥരെ ശകാരിച്ചത്. റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലായിരുന്നു അടിയന്തരയോഗം. വിവിധ സേനവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തതെന്നും സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട്ചെയ്തു.താലിബാന് തുടര്‍ച്ചയായി നടത്തിയ ആക്രമണത്തില്‍ പാക് സൈനികമേധാവി ഉദ്യോഗസ്ഥരെ കടുത്തഭാഷയില്‍ ശകാരിച്ചെന്നാണ് വിവരം. പാകിസ്താന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വലിയ ഇന്റലിജന്‍സ് പരാജയം സംഭവിച്ചതായും തന്ത്രപരമായ നീക്കങ്ങളുടെ അഭാവമുണ്ടായെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍.
ഇത്തരത്തിലുള്ള വലിയ ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ എന്തുകൊണ്ടാണ് ഇന്റലിജന്‍സ് പരാജയപ്പെട്ടതെന്നും തിരിച്ചടി വൈകിയത് എന്തുകൊണ്ടാണെന്നും സൈനിക മേധാവി ഉദ്യോഗസ്ഥരോട് ചോദിച്ചു. ഇതിനെല്ലാം വിശദമായ മറുപടി നല്‍കണമെന്നും ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സൈനിക മേധാവി വിവിധ കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു.യോഗത്തില്‍ പങ്കെടുത്ത സൈനിക ഉദ്യോഗസ്ഥരോട് അസിം മുനീര്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. രൂക്ഷമായ ഭാഷയിലായിരുന്നു യോഗത്തിലുടനീളം പാക് സൈനിക മേധാവി സംസാരിച്ചതെന്നും പറയുന്നു. ''എവിടെയായിരുന്നു ഇന്റലിജന്‍സ് സംവിധാനം? എന്താണ് ഇന്റലിജന്‍സ് പരാജയത്തിന്റെ കാരണം?'' തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് സീനിയര്‍ കമാന്‍ഡര്‍മാരോട് ഏഴുദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പാക് സൈനിക മേധാവി നിര്‍ദേശം നല്കി.
സംഭവിച്ച വീഴ്ചകള്‍ എന്തൊക്കെയാണ്, എന്താണ് ഇതിന്റെ കാരണം, പരിഹരിക്കാനുള്ള നടപടികള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്നും സൈനിക മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ എല്ലാമേഖലകളിലും ജാഗ്രത വര്‍ധിപ്പിക്കാനും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമായും ബാഹ്യമായും പാകിസ്താന് യുദ്ധത്തിലാണെന്നായിരുന്നു നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അസിം മുനീര്‍ യോഗത്തില്‍ പറഞ്ഞത്. എണ്ണമറ്റ യുവസൈനികരുടെയും സാധാരണക്കാരുടെയും ജീവന് നഷ്ടപ്പെടുത്തി എത്രകാലം പാകിസ്താന് ഇങ്ങനെ തുടരാനാകുമെന്നും ഇത് സജ്ജരായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും അസിം മുനീര്‍ യോഗത്തില്‍ പറഞ്ഞു.ദിവസങ്ങള്‍ക്ക് മുമ്പ് കാബൂളിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് അഫ്ഗാനിസ്താന്-പാകിസ്താന് സംഘര്‍ഷം രൂക്ഷമായത്. കാബൂളിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്നാണ് അഫ്ഗാനിലെ താലിബാന് ഭരണകൂടത്തിന്റെ ആരോപണം. ഇതിനുപിന്നാലെ പാകിസ്താന് നേരേ താലിബാന് സൈനികര്‍ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും താലിബാന് അവകാശപ്പെട്ടിരുന്നു.
ഇതിനൊപ്പം പാകിസ്താനി താലിബാന് എന്ന സംഘടന പാകിസ്താനിലെ പോലീസ് ട്രെയിനിങ് സ്കൂളിലടക്കം ചാവേര്‍ ആക്രമണവും നടത്തി. അതേസമയം, 200-ലേറെ താലിബാന് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം. താലിബാന്റെ ഒട്ടേറെ സൈനികപോസ്റ്റുകള്‍ പിടിച്ചെടുത്തതായും പാകിസ്താന് അവകാശപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.