ന്യൂഡൽഹി: യെമനിലെ ജയിലിൽ തടവിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം.
സുപ്രീംകോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ആരാണ് പുതിയ മധ്യസ്ഥനെന്ന് വെളിപ്പെടുത്തിയിട്ടില്ല. കെഎ പോൾ ആണോ പുതിയ മധ്യസ്ഥൻ എന്ന് ചോദ്യത്തിന് അദ്ദേഹം അല്ലെന്നും പുതിയ ആളാണെന്നുമാണ് സർക്കാർ മറുപടി നൽകിയത്.നിമിഷപ്രിയയുടെ ജീവന് യാതൊരു ഭീഷണിയുമില്ലെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും, നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റിയെങ്കിലും, അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കലും ചർച്ചകളെ തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.
കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന് ദയാധനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും, കുടുംബം അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് മോചനവും ശിക്ഷയിലെ തുടർനടപടികളും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത്. 2017ലാണ് തലാലിൻ്റെ കൊലപാതകം നടന്നത്. 2020ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. 2024 ഡിസംബറിൽ യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി വധശിക്ഷക്ക് അംഗീകാരം നൽകി. മാസങ്ങളായി നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ തുടരുകയാണ്. തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും, അവർ മാപ്പ് നൽകാൻ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി.
ഈ വിഷയത്തിൽ പുതിയ മധ്യസ്ഥനെ നിയമിച്ചത് ഒരു നിർണായക ഘട്ടമാണ്. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ വിവരങ്ങൾ പ്രകാരം, നിമിഷപ്രിയയുടെ ജീവന് യാതൊരു അപകടവുമില്ല. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ നല്ല വാർത്തകൾ പ്രതീക്ഷിക്കാം. നേരത്തെ, കെഎ പോൾ നിമിഷപ്രിയയുടെ മോചനത്തിനായി പണം പിരിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇത് കേന്ദ്രസർക്കാരിൻ്റെ അറിവോടെയല്ലെന്നും, അത്തരം പ്രവർത്തനങ്ങൾക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി.
നിമിഷപ്രിയയുടെ ജീവന് നിലവിൽ ആശങ്കയില്ലെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലും സുപ്രിംകോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തിൽ നിലവിൽ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.