കൊച്ചി: നവംബറില്‍ കേരളക്കരയാകെ പ്രതീക്ഷിച്ച മെസിപ്പടയുടെ വരവ് ഇല്ലെന്ന് അറിയിച്ചതോടെ ഇതിനുപിന്നിലെ കാരണം തേടുകയാണ് ആരാധകര്‍.
വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചൂടേറിയ ചര്‍ച്ച പുരോഗമിക്കുകയാണ്. മെസി വരുമെന്ന് പ്രതീക്ഷ നല്‍കി ഇത്രയും കാലം പബ്ലിസിറ്റിക്ക് വേണ്ടി മാത്രം മലയാളികളെ ഒന്നടങ്കം കബളിപ്പിക്കുകയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍, കേരളക്കരയാകെ കണ്ട വലിയ ചതിയാണ് ഇതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തി.വിഷയത്തില്‍ സര്‍ക്കാരിനെതിരെയും സ്‌പോണ്‍സറിനെതിരെയും രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. എന്തുകൊണ്ട് മെസി വരുന്നില്ല? ആര്‍ക്കാണ് വീഴ്‌ച പറ്റിയത്? എന്നീ ചോദ്യങ്ങള്‍ക്കുള്‍പ്പെടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ. മെസി ഉൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ മത്സരം അടുത്ത മാസം നടക്കാത്തത് സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതിന് തുടർന്നെന്ന് അദ്ദേഹം വ്യക്തമാക്കി. കലൂർ സ്റ്റേഡിയത്തിന് അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിനുള്ള ഫിഫ അംഗീകാരം ലഭിച്ചാൽ അർജൻ്റീന ടീം കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ മത്സരത്തിൻ്റെ അടുത്ത വിൻഡോയിൽ കേരളത്തിലെ കളിയും ഉൾപ്പെടും. ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉടൻതന്നെ മാറ്റാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുവേണ്ടി സ്റ്റേഡിയത്തിൽ നിലവിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 25 വർഷം പഴക്കമുള്ള സ്റ്റേഡിയത്തെ ഫിഫ നിലവാരത്തിലേക്ക് ഉയർത്താൻ 70 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്നത്, എന്നാൽ അതിനേക്കാൾ പണം മുടക്കേണ്ടി വരുമെന്നാണ് ഇപ്പോൾ കരുതുന്നത്.
സ്റ്റേഡിയം നവീകരണത്തിന് ജിസിഡിയിൽ നിന്നോ സർക്കാരിൽ നിന്നോ യാതൊരു തരത്തിലുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല, സ്പോൺസർ എന്ന നിലയിൽ താൻ തന്നെ അതിനാവശ്യമായ പണം മുടക്കുമെന്നും ആൻ്റോ വ്യക്തമാക്കി. ഫിഫയുടെ മാനദണ്ഡം അനുസരിച്ചുള്ള ലൈറ്റിംഗ് സംവിധാനം ഒരുക്കാൻ 12 കോടിയോളം രൂപ വേണ്ടിവരും. അമ്പതിനായിരം പേർക്ക് ഇരുന്നു കളി കാണാനുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. കേരള സ്പോർട്‌സ് കൗൺസിലുമായി കരാർ ഉണ്ടാക്കിയാണ് കലൂർ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്.
സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ അടുത്ത ആഴ്‌ച തന്നെ ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നും ആൻ്റോ പറഞ്ഞു . എത്രതന്നെ പ്രവർത്തനങ്ങൾ വേണ്ടി വന്നാലും കേരളത്തിൽ അർജന്റീന ടീം കളിച്ചിരിക്കും. 130 കോടിയിലധികം രൂപയാണ് അർജൻ്റീന ടീമിന് നൽകിയിട്ടുള്ളത്. വേണമെങ്കിൽ ആ പണം തിരിച്ചു നൽകാമെന്ന് അവർ പറഞ്ഞുവെങ്കിലും പണം വേണ്ടെന്നും അർജൻ്റീന ടീം കേരളത്തിൽ കളിച്ചാൽ മതിയെന്നും താൻ അവർക്ക് മറുപടി നൽകി.
കോമ്പൗണ്ട് വാളിൻ്റെയും ഫെഡ്‌ലൈറ്റിൻ്റേയും അംഗീകാരം മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാകുന്ന മുറക്ക് ആ അംഗീകാരവും ലഭിക്കും. ആവശ്യമായ രേഖകളെല്ലാം ഫിഫക്ക് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. അടുത്ത ഫിഫ മീറ്റിംഗ് നടക്കുന്നതോടെ സ്റ്റേഡിയത്തിന് അംഗീകാരം ലഭിക്കും. നവംബറിൽ കൊച്ചിയിൽ കളി നടക്കുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ തന്നെ പ്രഖ്യാപിച്ചിരുന്നു.
അതിനുശേഷമാണ് സ്പോൺസറായ താൻ ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചതെന്നും ആൻ്റോ പറഞ്ഞു . മെസ്സിയെ വേണമെങ്കിൽ തനിക്ക് കേരളത്തിൽ കൊണ്ടുവന്ന് ഒരു റോഡ് ഷോ നടത്താൻ കഴിയും. എന്നാൽ കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും ഫുട്ബോൾ വളർച്ചയ്ക്ക് കാരണമാകുന്ന തരത്തിൽ അന്താരാഷ്ട്ര സൗഹൃദം മത്സരം കേരളത്തിൽ നടത്തണം എന്നതാണ് തൻ്റെ ലക്ഷ്യം എന്നും അതിനുവേണ്ടി ഏതറ്റം വരെയും പോകുമെന്നും ആൻ്റോ വ്യക്തമാക്കി.
സ്റ്റേഡിയത്തിന് അംഗീകാരം ലഭിച്ചാൽ 20 അന്താരാഷ്ട്ര മത്സരങ്ങളും സ്റ്റേഡിയത്തിന് അംഗീകാരം ലഭിച്ചാൽ 20 അന്താരാഷ്ട്ര മത്സരങ്ങളെങ്കിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെസ്സി വരില്ല എന്നു പറയാൻ എളുപ്പം കഴിയും. എന്നാൽ അതിനു വേണ്ടി താൻ നടത്തുന്ന ശ്രമങ്ങൾ സർക്കാറിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അർജൻ്റീന ടീമിനെയും മെസിയയെും കേരളത്തിൽ എത്തിക്കാൻ നല്ല രീതിയിൽ ശ്രമിച്ചെന്ന് കായിക മന്ത്രി വി അബ്‌ദുറഹിമാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നവംബറിൽ ടീമിനെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വാതിലുകൾ അടഞ്ഞിട്ടില്ല. എന്ത് വില കൊടുത്തും മത്സരം ഈ വർഷം തന്നെ നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
മെസിയെ കേരളത്തിലെത്തിക്കാൻ നല്ല രീതിയിൽ തങ്ങൾ ശ്രമിച്ചിട്ടുണ്ട്. അർജൻ്റീന വരില്ല എന്ന് പറഞ്ഞിട്ടില്ല. ഫിഫ അംഗീകാരം ലഭിച്ചാൽ അവർ വരും. മെസിയെ മാത്രമല്ല, ടീമിനെ മൊത്തം കൊണ്ട് വരാനാണ് ശ്രമമെന്നും സ്പോൺസർ എല്ലാ സഹായവും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.