കൊച്ചി ;സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്കു ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരും ഇവരെ സഹായിച്ചു എന്നു കരുതുന്ന 3 പേരുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.
മുഖംമൂടി ധരിച്ചെത്തി കവർച്ച നടത്തിയ 4 പേരെ പിടികൂടാനായിട്ടില്ല. അതേ സമയം, സംഭവത്തിൽ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അരൂർ ബൈപ്പാസിനോടു ചേർന്ന് കുണ്ടന്നൂരിലുള്ള നാഷണൽ സ്റ്റീൽ കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. സ്റ്റീൽ കമ്പനി ഉടമ തോപ്പുംപടി സ്വദേശി സുബിൻ തോമസ് മരട് പൊലീസിൽ പരാതി നൽകിയിരുന്നു.ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത വടുതല സ്വദേശി സജി, നോട്ടിരട്ടിപ്പ് ഇടപാടിനായി എത്തിയതെന്ന് കരുതുന്ന വിഷ്ണു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കവർച്ചാ സംഘം സഞ്ചരിച്ച രണ്ടു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒരു വാഹനം തൃശൂരിൽ നിന്നാണ് പിടിച്ചത് എന്നതുകൊണ്ടു തന്നെ പ്രതികൾ ജില്ല വിട്ടിരിക്കാനുള്ള സാധ്യതയുമുണ്ട്. ‘‘ഇനി പൈസ കണ്ടെടുക്കണം, ആയുധങ്ങൾ കണ്ടെടുക്കണം, മുഖംമൂടിയിട്ട് എത്തിയവരെ പിടിക്കാനുണ്ട്.
അറസ്റ്റിലായ രണ്ടു പേരുടെയും പങ്ക് വ്യക്തമാണ്. ഇവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന ജോജി, കവർച്ച നടത്തിയവർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളെ സഹായിച്ചതിന് 3 പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്’’– കമ്മീഷണർ പറഞ്ഞു.81 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി കിട്ടുന്ന ‘ട്രേഡ് പ്രോഫിറ്റ് ഫണ്ടെ’ന്ന പേരിൽ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോട്ടിരട്ടിപ്പാണ് സംഭവത്തിനു തുടക്കമെന്നാണ് പൊലീസിനുള്ള വിവരം.രണ്ടാഴ്ച മുമ്പ് ഇക്കാര്യവുമായി സജി കടയുടമ സുബിനെ സമീപിച്ചിരുന്നു എന്നും തുടർന്ന് എറണാകുളം സ്വദേശികളും നോട്ടിരട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരുമായ വിഷ്ണു, ജോജി എന്നിവരെ പരിചയപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം. മുഖംമൂടിയിട്ട് നാലംഗ കവർച്ചാ സംഘം കമ്പനിയിൽ എത്തുമ്പോൾ സജിയും വിഷ്ണുവും ജോജിയും സ്ഥലത്തുണ്ടായിരുന്നു. പണം എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു ഇവർ എന്നാണ് അറിയുന്നത്. കവർച്ചാ സംഘം എത്തിയതോടെ വിഷ്ണുവും ജോജിയും സ്ഥലത്തു നിന്ന് മുങ്ങി. സജിയെ സുബിനും കടയിലെ ജീവനക്കാരും കൂടി പിടിച്ചുവച്ച് പൊലീസിെന ഏൽപ്പിക്കുകയായിരുന്നു.സജിയും വിഷ്ണുവും ജോജിയും ചേർന്നാണ് നാലംഗ സംഘത്തെ വിവരമറിയിക്കുകയോ അല്ലെങ്കിൽ കുറ്റകൃത്യത്തിൽ പങ്കാളിയാക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 81 ലക്ഷം രുപ സ്ഥലത്തുണ്ടെന്ന വിവരം അറിയാമായിരുന്നത് സജി, ജോജി, വിഷ്ണു എന്നിവര്‍ക്കാണ്. ഇവരിൽ നിന്ന് വിവരം ലഭിക്കാതെ മുഖംമൂടിധാരികൾ വരില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം, കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കായിരിക്കും നോട്ടിരട്ടിപ്പ് സംബന്ധിച്ച വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.