കാസർകോട്; സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മകൾ പൊലീസിൽ പരാതി നൽകി, പിന്നാലെ വിഡിയോ സന്ദേശം പുറത്തു വിട്ടു.
കാസർകോട്ടെ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് പി.വി.ഭാസ്കരന്റെ മകൾ സംഗീതയാണ് പിതാവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണു യുവതിയുടെ പരാതി.അവസാനത്തെ പ്രതീക്ഷയെന്നോണമാണ് വിഡിയോ സന്ദേശം പുറത്തുവിടുന്നതെന്നും സംഗീത പറയുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്കു താഴെ തളർന്നയാളാണ് സംഗീത. സംഗീത പുറത്തുവിട്ട വിഡിയോയിൽനിന്ന്: ‘‘വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന എനിക്ക് ചികിത്സ നിഷേധിക്കുന്നു. സ്വത്ത് തട്ടിയെടുത്ത കുടുംബം ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. എനിക്കു ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക പിതാവും സഹോദരനും ചേർന്നു കൈക്കലാക്കി.അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ല. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്. 'പോയി ചാകാൻ' പലതവണ ആവശ്യപ്പെട്ടു, കമ്യൂണിസവും കാര്യങ്ങളുമെല്ലാം വീടിനു പുറത്തു മതി, വീടിനകത്ത് അതൊന്നും നടക്കില്ല എന്നാണു പിതാവ് പറഞ്ഞത്. പറയുന്നതു കേൾക്കാൻ തയാറല്ലെങ്കിൽ കൊല്ലുമെന്നും അതിൽനിന്നു സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തി.ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്ക്കു താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും എന്നും പിതാവ് അധിക്ഷേപിച്ചു. തടങ്കലിലാണെന്ന വിവരം പൊലീസിനോടു പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് എന്നോട് ഒരു വിവരവും ചോദിച്ചില്ല. പ്രാദേശിക പൊലീസ് സ്റ്റേഷനിൽനിന്നു നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്’’ – അവർ പറയുന്നു.
നേരത്തെ, വീട്ടുതടങ്കലിൽനിന്നു മോചനം ആവശ്യപ്പെട്ട് സുഹൃത്തിന്റെ സഹായത്തോടെ സംഗീത, ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണു കഴിയുന്നത് എന്ന പൊലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല. കഴിഞ്ഞ ദിവസമാണ് സംഗീത എസ്പിക്കും കലക്ടർക്കും പരാതി നൽകിയത്. ഈ പരാതിക്കു പിന്നാലെയാണു സഹായം അഭ്യർഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.